വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരേ ആർഎസ്എസ് നേതാവിന്റെ പരാമർശം; വ്യാപക പ്രതിഷേധം
Monday, October 7, 2024 4:45 AM IST
പനാജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരേ ഗോവ മുൻ ആർഎസ്എസ് തലവൻ സുഭാഷ് വെലിംഗ്കർ നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധം. ഓൾഡ് ഗോവയിൽ കത്തോലിക്കാ വിശ്വാസികളും രാഷ്ട്രീയ നേതാക്കളും പ്രതിഷേധറാലി നടത്തി.
ഗോവയിലെ മതസൗഹാർദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്ത് ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ പറഞ്ഞു. പ്രതിഷേധത്തിൽ ബിജെപി എംഎൽഎമാർ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. തൃണമൂൽ കോൺഗ്രസ് കോ-കൺവീനർ സമിൽ വോൾവോയ്കറും പ്രതിഷേധത്തിൽ പങ്കെടുത്തു.
മതവികാരം വ്രണപ്പെടുത്തിയതിനു വെലിംഗ്കറിനെതിരേ ബിക്കോളിം പോലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയിലാണ് വിശുദ്ധന്റെ അക്ഷയ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്.
പത്തു വർഷത്തിലൊരിക്കൽ വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുദർശനത്തിനു വയ്ക്കും. ഈ വർഷം നവംബർ 21 മുതൽ 2025 ജനുവരി അഞ്ചു വരെ വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുദർശനത്തിനു വയ്ക്കും.