സ്കൂൾ നടത്തിപ്പ് വിട്ടുകൊടുത്തത് കരാർ നിബന്ധന പ്രകാരം: സിഎംസി സന്യാസിനീ സമൂഹം
Monday, October 7, 2024 4:45 AM IST
ചന്ദ്രപുർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലുള്ള സിമന്റ് നഗറിൽ 1972 മുതൽ പ്രവർത്തിക്കുന്ന മൗണ്ട് കാർമൽ കോണ്‍വന്റ് സീനിയർ സെക്കൻഡറി സ്കൂളിന്റെ നടത്തിപ്പിൽനിന്നു പിന്മാറിയതു കരാർ നിബന്ധന പ്രകാരമെന്നു സിഎംസി സന്യാസിനീ സമൂഹം.
1971 ജൂൺ എട്ടിന് ഇന്ത്യയിലെ മുൻനിര സിമന്റ് നിർമാതാക്കളായ അസോസിയേറ്റഡ് സിമന്റ് കന്പനി (എസിസി)യുടെ ജനറൽ മാനേജരായിരുന്ന സി.ആർ.എം.അയ്യർ, അന്നു ബിഷപ്പായിരുന്ന മാർ ജനുവാരിയൂസിനെ സമീപിച്ച് എസിസി ജീവനക്കാരുടെ മക്കൾക്കു വിദ്യാഭ്യാസം നൽകുന്നതിന് സിമന്റ് നഗറിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിക്കണമെന്ന് അഭ്യർഥിച്ചു.
ഇതനുസരിച്ചാണ് സിഎംസി സമൂഹത്തെ ഉത്തരവാദിത്വം ഏൽപ്പിക്കുകയും സിമന്റ് ഫാക്ടറി മാനേജരും പ്രൊവിൻഷ്യലും തമ്മിലുണ്ടാക്കിയ കരാർപ്രകാരം 1972 ജൂൺ 12ന് നിലവിലുണ്ടായിരുന്ന ഒരു കെട്ടിടത്തിൽ 24 കുട്ടികളുമായി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തത്. നഴ്സറി സ്കൂളായി ആരംഭിച്ച സ്കൂൾ ഇന്ന് 2000 വിദ്യാർഥികൾ പഠിക്കുന്ന വൻ വിദ്യാഭ്യാസസ്ഥാപനമായി വളർന്നിട്ടുണ്ട്. 2023ൽ എസിസി മറ്റൊരു കന്പനിക്കു കൈമാറിയതായി വിവരം ലഭിച്ചു.
പ്ലാന്റ് തലവനെ സന്ദർശിച്ച സിസ്റ്റേഴ്സ്, പുതിയ പാർട്ടികളുമായി കരാർ പുതുക്കാൻ താത്പര്യമില്ലെന്നും 2023 ജൂൺ മുതൽ എസിസിയുമായി കരാർ അവസാനിപ്പിച്ച് സിമന്റ് നഗർ മൗണ്ട് കാർമൽ സ്കൂളിന്റെ സേവനം അവസാനിപ്പിക്കാനാണു തീരുമാനമെന്നും അറിയിച്ച് നോട്ടീസ് നൽകി.
എസിസി അധികൃതർ നോട്ടീസ് കൈപ്പറ്റുകയും ഔദ്യോഗിക നടപടികൾ അവസാനിപ്പിക്കുന്നതിനായി ഒരു വർഷംകൂടി തുടരാൻ അഭ്യർഥിക്കുകയും ചെയ്തു.
അവരുടെ അഭ്യർഥനപ്രകാരം 2024 ഓഗസ്റ്റ് 31 വരെ സ്കൂളിൽ സിഎംസി സിസ്റ്റേഴ്സ് സേവനം തുടരുകയും അതിനുശേഷം മാനേജ്മെന്റ് എസിസിക്ക് കൈമാറുകയുമായിരുന്നു.