അഞ്ചുപേരെ നാമനിർദേശം ചെയ്യാൻ ലഫ്. ഗവർണർ
Sunday, October 6, 2024 2:13 AM IST
ശ്രീനഗർ: വോട്ട് എണ്ണുന്നതിനുമുന്പേ ജമ്മു കാഷ്മീരിൽ കളി തുടങ്ങി ബിജെപി. ലഫ്.ഗവർണറെ ഉപയോഗിച്ച് അഞ്ചു പേരെ നിയമസഭയിലേക്ക് നാമനിർദേശം ചെയ്യാനാണു ബിജെപിയുടെ നീക്കം. ചൊവ്വാഴ്ച വോട്ടെണ്ണുന്പോൾ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഇതാദ്യമായി സർക്കാർ രൂപീകരണത്തിൽ ഈ അഞ്ച് നോമിനേറ്റഡ് എംഎൽഎമാർ നിർണായകമാകും.
2019ലെ ജമ്മു കാഷ്മീർ പുനഃസംഘടനാ ആക്ട് ഭേദഗതിയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണു ലഫ്. ഗവർണർ അഞ്ച് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിർദേശം ചെയ്യുന്നതിന് അംഗീകാരം നൽകിയത്.
ജമ്മു ആൻഡ് കാഷ്മിർ പുനഃസംഘടനാ ആക്ട് പ്രകാരം കാഷ്മീർ പണ്ഡിറ്റുകളുടെയും പാക് അധീന കാഷ്മീരിലെ അഭയാർഥികളുടെയും പ്രതിനിധികൾ ഉൾപ്പെടെ അഞ്ച് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിർദേശം ചെയ്യാൻ ലഫ്. ഗവർണർക്ക് അധികാരമുണ്ട്.
സർക്കാർ രൂപീകരിക്കുന്നതിനുമുന്പ് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള ലഫ്. ഗവർണറുടെ നീക്കത്തിനെതിരേ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നതെന്ന് പാർട്ടി ആരോപിച്ചു. ലഫ്. ഗവർണറുടെ നീക്കം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേർക്കുള്ള ആക്രമണമാണെന്നും തീരുമാനത്തിൽനിന്ന് ലഫ്. ഗവർണർ മനോജ് സിൻഹ പിന്മാറണമെന്നും കോൺഗ്രസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് രവീന്ദർ ശർമ ആവശ്യപ്പെട്ടു.
പുതിയ സർക്കാർ അധികാരത്തിലേറിയതിനുശേഷം മാത്രമേ നിയമസഭയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാറുള്ളൂ. വോട്ട് എണ്ണുന്നതിനുമുന്പ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള നീക്കം ജനവിധിയോടുള്ള വഞ്ചനയാണ്. പല്ലും നഖവും ഉപയോഗിച്ച് കോൺഗ്രസ് ഈ നീക്കത്തിനെതിരേ പോരാടും. തെരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാനാണു ബിജെപിയുടെ നീക്കം.
സർക്കാർ രൂപീകരിക്കാനുള്ള മാർഗങ്ങൾ ഇല്ലെങ്കിലും സംഖ്യയിൽ കൃത്രിമം കാണിക്കാനുള്ള ബിജെപിയുടെ വ്യഗ്രതയാണ് ഇതു കാണിക്കുന്നത്-രവീന്ദർ ശർമ പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം രൂപീകരിക്കുന്ന മന്ത്രിസഭയുടെ ഉപദേശപ്രകാരംമാത്രമേ ഗവർണർക്ക് ഇപ്രകാരം ചെയ്യാൻ അനുമതിയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.