എസ്എൻ കോളജ് ഫണ്ട് തിരിമറി: വെള്ളാപ്പള്ളി നടേശന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു
Saturday, October 5, 2024 5:26 AM IST
ന്യൂഡൽഹി: കൊല്ലം എസ്എൻ കോളജിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതി വിധിക്കെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റീസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് വിശദവാദത്തിനായി ഹർജി മാറ്റി.
കേസിന്റെ വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും തുടരന്വേഷണം വേണ്ടെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരേയാണു വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ വെള്ളാപ്പള്ളിയുടെ ഹർജിയെത്തുടർന്ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. അന്തിമ വിധി വരുന്നതുവരെ സ്റ്റേ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.