ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ തിരുമലയിൽ 11 ദിവസം വ്രതമെടുക്കും
Thursday, October 3, 2024 12:02 AM IST
തിരുപ്പതി: തിരുപ്പതി ലഡ്ഡു നിർമിക്കാൻ മൃഗക്കൊഴുപ്പുള്ള നെയ്യ് ഉപയോഗിച്ചുവെന്ന, കഴിഞ്ഞകാല വൈഎസ്ആർസിപി സർക്കാരിനെതിരേയുള്ള ആരോപണം നിലനിൽക്കെ ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ മക്കളായ ആദ്യ കൊനിഡേല, പാലിന അൻജനി കൊനിഡേല എന്നിവർക്കൊപ്പം ഇന്നലെ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.
ക്ഷേത്രത്തിലെ അന്നദാന സെന്ററിൽനിന്നാണ് മൂവരും പ്രഭാതഭക്ഷണം കഴിച്ചത്. താൻ ഹിന്ദുമത വിശ്വാസിയാണെന്ന സത്യവാങ്മൂലം, പ്രായപൂർത്തിയാകാത്ത പാലിനയിൽനിന്ന് ദേവസ്വം അധികൃതർ ദർശനത്തിനുമുന്പ് എഴുതി വാങ്ങി.
ക്ഷേത്രദർശനം കഴിഞ്ഞശേഷം താൻ 11 ദിവസം വരാഹീ ദീക്ഷ സ്വീകരിക്കുകയാണെന്നു പവൻ കല്യാൺ പ്രഖ്യാപിച്ചു. വരാഹീ വ്രതമെടുക്കുന്ന രീതികൾ വിശദമാക്കുന്ന ബുക്ക് പവൻ കല്യാണിന്റെ കൈവശമുണ്ടായിരുന്നു. മൂന്നുദിവസം പവൻ കല്യാൺ ക്ഷേത്രത്തിലുണ്ടാകുമെന്നാണു വിവരം. നിലത്തു പായവിരിച്ച് കിടന്നുറങ്ങിയും മാംസാഹാരം ഉപേക്ഷിച്ചും നഗ്നപാദനായി നടന്നുമാണു വരാഹീ ദീക്ഷ പൂർത്തിയാക്കേണ്ടത്.