മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുത് ;തിരുപ്പതി ലഡു വിവാദത്തിൽ സുപ്രീംകോടതി
Tuesday, October 1, 2024 4:15 AM IST
ന്യൂഡൽഹി: മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്ന് സുപ്രീംകോടതി. തിരുപ്പതി ലഡു വിവാദത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സുപ്രീംകോടതി ശക്തമായ നിരീക്ഷണം നടത്തിയത്.
ദൈവങ്ങളെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തിക്കൂടേയെന്നും കേസ് പരിഗണിച്ചപ്പോൾ ജസ്റ്റീസ്മാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു നിർമിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ചേർക്കുന്നുവെന്ന് ആരോപിച്ചുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
മൃഗക്കൊഴുപ്പ് ചേർത്ത നെയ്കൊണ്ടാണു തിരുപ്പതി ലഡു ഉണ്ടാക്കിയതെന്ന് എന്തു തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭരണഘടനാപദവിയുള്ള മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് കോടതി ചോദിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
പരിശോധനയ്ക്കു വിധേയമാക്കിയ നെയ്യിൽ മായം കലർന്നിട്ടില്ലെന്നു കേസ് ഇന്നലെ പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചു. ആന്ധ്രാ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം തന്നെ അന്വേഷണം തുടരണോ അതോ സ്വതന്ത്ര ഏജൻസിക്ക് അന്വേഷണം കൈമാറണോ എന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു കോടതി ആവശ്യപ്പെട്ടു. സർക്കാർതന്നെ ഉത്തരവിട്ട അന്വേഷണറിപ്പോർട്ട് പുറത്തുവരുന്നതിന് മുന്‍പുതന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി നായിഡു മാധ്യമങ്ങളെ കണ്ടതെന്നും കോടതി ചോദിച്ചു.
ജഗൻമോഹൻ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് തിരുപ്പതി ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി നായിഡു ആരോപിച്ചതിനെത്തുടർന്നാണ് തിരുപ്പതി ലഡു വൻ വിവാദമായത്.
വിവാദം ശക്തമാകുന്നതിനിടെ തിരുപ്പതി ക്ഷേത്രം സന്ദർശിക്കാനുള്ള ജഗൻമോഹൻ റെഡ്ഢിയുടെ നീക്കം ഹിന്ദുസംഘടനകളുടെ ഭീഷണിയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.