ജോലി സമ്മർദം താങ്ങാനാകാതെ യുവാവ് ജീവനൊടുക്കി
Tuesday, October 1, 2024 4:15 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഝാൻസിയിൽ ജോലിസമ്മർദം മൂലം യുവാവ് ജീവനൊടുക്കി. സ്വകാര്യ ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസിൽ ഏരിയ മാനേജരായി ജോലി ചെയ്യുന്ന തരുൺ സക്സേനയെയാ (42) ണു ഇന്നലെ പുലർച്ചെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോലിയിലെയും മാനേജർമാരിൽനിന്നുള്ള കടുത്ത മാനസിക സമ്മർദം വ്യക്തമാക്കുന്ന അഞ്ചു പേജുള്ള കത്ത് എഴുതിവച്ചശേഷമാണ് തരുൺ ജീവനൊടുക്കിയത്.
45 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ടാർജറ്റ് തികയ്ക്കാൻ മാനേജർമാർ കടുത്ത സമ്മർദം ചെലുത്തുന്നുവെന്നും ശമ്പളം കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ ആരോപിക്കുന്നു. സംഭവത്തിൽ ബജാജ് ഫിനാൻസ് പ്രതികരിച്ചിട്ടില്ല. ഇന്നലെ രാവിലെ വീട്ടിലെത്തിയ വേലക്കാരനാണ് തരുണിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ മേഘയെയും മക്കളായ യാഥാർഥ്, പിഹു എന്നിവരെയും മറ്റൊരു മുറിയിലിട്ടു പൂട്ടിയശേഷമായിരുന്നു ആത്മഹത്യ.
ഭാര്യയെ അഭിസംബോധന ചെയ്താണ് തരുൺ അഞ്ചു പേജുള്ള കത്തെഴുതിയിരിക്കുന്നത്. കടുത്ത സമ്മർദം അനുഭവിച്ചിട്ടും ടാർജറ്റ് പൂർത്തീകരിക്കാനാകുന്നില്ലെന്ന് കത്തിൽ പറയുന്നു.
ബജാജ് ഫിനാൻസിന്റെ ലോണുകളുടെ തിരിച്ചടവ് തുക ശേഖരിക്കുകയായിരുന്നു തരുണിന്റെ ഉത്തരവാദിത്വം.
എന്നാൽ പല കാരണങ്ങൾ കൊണ്ട് ടാർജറ്റ് തികയ്ക്കാൻ സാധിച്ചില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടെന്നും മാനേജർമാർ തുടർച്ചയായി അപമാനിക്കുന്നുവെന്നും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും ചിന്തിക്കാൻ പോലുമുള്ള കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും കുറിപ്പിൽ തരുൺ പറയുന്നുണ്ട്.
തനിക്കും ഒപ്പം ജോലി ചെയ്യുന്നവർക്കും ഇഎംഐ തുക ശേഖരിക്കാൻ പലപ്പോഴും സാധിക്കാറില്ലെന്നും സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥരോട് പലതവണ ഇതു പറഞ്ഞിട്ടും അവരാരും കേൾക്കാൻ തയാറായില്ലെന്നും കത്തിലുണ്ട്.
ഉറങ്ങിയിട്ട് 45 ദിവസമായി. കാര്യമായി ഭക്ഷണം കഴിക്കുന്നില്ല. വലിയ സമ്മർദത്തിലാണ്. എന്തു വിലകൊടുത്തും ടാർജറ്റ് തികയ്ക്കുകയോ അല്ലെങ്കിൽ ജോലി ഉപേക്ഷിച്ച് പോകുകയോ ചെയ്യണമെന്ന നിലപാടിലാണു മാനേജർമാർ.
വർഷാവസാനം വരെ കുട്ടികളുടെ സ്കൂൾ ഫീസ് അടച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളോടു ക്ഷമ ചോദിക്കുന്നുവെന്നും കത്തിലുണ്ട്. ഭാര്യയെയും മക്കളെയും സംരക്ഷിക്കണമെന്ന് മാതാപിതാക്കളോടും നന്നായി പഠിച്ച് അമ്മയെ സംരക്ഷിക്കണമെന്ന് മക്കളോടും അദ്ദേഹം ആവശ്യപ്പെടുന്നു.
ഇൻഷ്വറൻസ് തുക ലഭിക്കുന്നുവെന്ന് ബന്ധുക്കൾ ഉറപ്പാക്കണമെന്നും തന്നെ ദ്രോഹിച്ച മാനേജർമാർക്കെതിരേ പോലീസിൽ പരാതി നൽകണമെന്നും അവരാണു തന്റെ തീരുമാനത്തിനു പിന്നിലെന്നും അദ്ദേഹം കത്തിൽ വിശദീകരിക്കുന്നുണ്ട്. മാനേജർമാരുടെ പേരുകളും എഴുതിയിട്ടുണ്ട്.
അതേസമയം, ബന്ധുക്കളിൽനിന്നു പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. നേരത്തേ ജോലിസമ്മർദം താങ്ങാനാകാതെ മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ മരണത്തിനുശേഷം തൊഴിൽ പീഡനങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ വാർത്ത പുറത്തുവരുന്നത്.