‘മേരീ പോളിസി മേരെ ഹാത്ത്’ ഇന്നുമുതൽ 31 വരെ
Monday, September 30, 2024 11:51 PM IST
ന്യൂഡൽഹി: കേന്ദ്ര കാർഷികമന്ത്രാലയത്തിന്റെ ‘മേരീ പോളിസി മേരെ ഹാത്ത്’ (എംപിഎംഎച്ച്) പദ്ധതിയുടെ ആറാം പതിപ്പ് ഇന്നുമുതൽ 31 വരെ സംഘടിപ്പിക്കും.
21 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പങ്കാളികളാകുന്ന പദ്ധതിയിലൂടെ രാജ്യത്തുള്ള നാലു കോടിയിലധികം കർഷകർക്ക് വിള ഇൻഷ്വറൻസ് പോളിസി രേഖകൾ കൈമാറാനാണു ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി ഫസൽ ഭീമ യോജനയുടെ (പിഎംഎഫ്ബിവൈ) കീഴിലുള്ള പദ്ധതി വഴി വ്യക്തവും സുതാര്യവുമായ ഇൻഷ്വറൻസ് രേഖകൾ നേരിട്ട് കർഷകർക്കു ലഭിക്കും. വിള ഇൻഷ്വറൻസ് പോളിസികളെപ്പറ്റി ബോധവാന്മാരാക്കി കർഷകരെ ശക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കാലാവസ്ഥാമാറ്റം കൃഷിരീതികളെ ബാധിക്കുന്ന കാലത്ത് കർഷകർക്കു ദീർഘകാല സാന്പത്തിക പരിരക്ഷ എംപിഎംഎച്ച് പദ്ധതി ഉറപ്പുനൽകുന്നു.
കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന കൃഷിനാശത്തിൽനിന്നു കർഷകരുടെ സാന്പത്തികനഷ്ടത്തിന് ആശ്വാസമാകാൻ വിള ഇൻഷ്വറൻസ് പോളിസികൾ അത്യാവശ്യമാണെന്ന് കൃഷിമന്ത്രാലയം അറിയിച്ചു.