ഇലക്ടറൽ ബോണ്ട്: നിർമല സീതാരാമന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
Monday, September 30, 2024 4:09 AM IST
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടിലൂടെ പണം തട്ടിയെന്ന പരാതിയിൽ കേസെടുത്തതിനു പിന്നാലെ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്.
കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അഴിമതിയിൽ ഉൾപ്പെടുന്നവരെ വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്, എഐസിസി വക്താവ് അഭിഷേക് സിംഗ്വി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനടപടികൾ ആരംഭിക്കണം. കേസിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാവാതിരിക്കാൻ ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മേൽനോട്ടത്തിലായിരിക്കണം അന്വേഷണമെന്നും അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. ഇലക്ടറൽ ബോണ്ടിലൂടെ 8000 കോടിയിലേറെ രൂപ തട്ടിയെന്നാരോപിച്ച് ജനാധികാര സംഘർഷ പരിഷത്തിന്റെ (ജെഎസ്പി) സഹ അധ്യക്ഷൻ ആദർശ് ആർ. അയ്യർ നൽകിയ പരാതിയിലാണു നിർമലയ്ക്കെതിരേ ബംഗളൂരു തിലക് നഗർ പോലീസ് കേസെടുത്തത്.