സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും
സ്വന്തം ലേഖകൻ
Monday, September 30, 2024 4:09 AM IST
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റീസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര എന്നിവരുടെ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം നൽകുന്നതിനെതിരേ അതിജീവിതയും സംസ്ഥാന സർക്കാരും കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്.
അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എസ്പി മെറിൻ ജോസഫ് ഇന്നലെ ഡൽഹിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകയും അഡീഷണൽ സോളിസിറ്റർ ജനറലുമായ ഐശ്വര്യ ഭട്ടി അടക്കമുള്ളവരുമായാണ് മെറിൻ ജോസഫ് കൂടിക്കാഴ്ച നടത്തിയത്. മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
സിദ്ദിഖിനെതിരായ തെളിവുകൾ സംബന്ധിച്ച കാര്യങ്ങളിൽ എസ്പി ആശയവിനിമയം നടത്തി. അതിജീവിതയുടെയും സാക്ഷികളുടെയും മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് ഇന്നു പരിഗണിക്കുന്പോൾ ഈ വിഷയവും അന്വേഷണ പുരോഗതിയും സർക്കാർ സുപ്രീംകോടതിയെ അറിയിക്കും.
സംഭവം നടന്ന് എട്ടു വർഷത്തിനുശേഷമാണ് അതിജീവിത പരാതി നൽകുന്നതെന്ന കാര്യമാണു സിദ്ദിഖ് മുൻകൂർ ജാമ്യഹർജിയിൽ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. കൂടാതെ തനിക്കു ക്രിമിനൽ പശ്ചാത്തലമില്ലാത്ത സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണ്ട ആവശ്യമില്ലെന്നും സിദ്ദിഖിനുവേണ്ടി കോടതിയിൽ വാദിക്കും. മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഖി സിദ്ദിഖിനുവേണ്ടി ഹാജരാകും. അതിജീവിതയ്ക്കുവേണ്ടി അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരാകും.