പ്രകാശ് കാരാട്ടിന് സിപിഎമ്മിന്റെ താത്കാലിക ചുമതല
Monday, September 30, 2024 3:59 AM IST
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെത്തുടർന്ന് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാർട്ടി കോ-ഓർഡിനേറ്ററുടെ ചുമതല നൽകി. അടുത്തവർഷം ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതു വരെയാണ് കാരാട്ടിനു ചുമതല. ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
പാർട്ടി കോണ്‍ഗ്രസിനാവശ്യമായ തയാറെടുപ്പുകളുടെയും പാർട്ടിയുടെ ദൈനംദിന പ്രവർത്തങ്ങളുടെയും ചുമതല പിബി അംഗങ്ങളുൾപ്പെട്ട താത്കാലിക സംവിധാനത്തിനായിരിക്കും. പിബി അംഗങ്ങളുടെ കോ-ഓർഡിനേറ്റർ ചുമതലയാണ് കാരാട്ടിനു നൽകിയിരിക്കുന്നത്.
നിലവിൽ പോളിറ്റ് ബ്യൂറോ അംഗമായ കാരാട്ട് 2005 മുതൽ 2015 വരെ പത്തു വർഷം പാർട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2015 ലാണ് യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്.