തമിഴ്നാട്ടിൽ സെന്തിൽ ബാലാജി ഉൾപ്പെടെ നാലു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
Monday, September 30, 2024 3:59 AM IST
ചെന്നൈ: തമിഴ്നാട്ടിൽ വി. സെന്തിൽ ബാലാജി ഉൾപ്പെടെ നാലു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആർ. രാജേന്ദ്രൻ, ഗോവി ചെഴിയാൻ, എസ്.എം. നാസർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാർ.
രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ശനിയാഴ്ച ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ഉദയനിധി അടക്കമുള്ള പ്രമുഖർ സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു. ഇന്നലെ ഉപമുഖ്യമന്ത്രിയായി ഉദയനിധി ചുമതലയേറ്റു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ദിവസമാണ് സെന്തിൽ ബാലാജിക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇതിനു മുന്പു നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ഒഴിവാക്കപ്പെട്ട നാസർ മന്ത്രിസഭയിലേക്കു തിരിച്ചെത്തിയതു ശ്രദ്ധേയമായി. നിയമസഭാ ചീഫ് വിപ്പായി കെ. രാമചന്ദ്രനെ നിയമിച്ചു. മന്ത്രിയായി ചുമതലയേറ്റ ഗോവി ചെഴിയാനു പകരമാണ് നിയമനം.