ഉദയനിധിയുടെ സ്ഥാനക്കയറ്റം യുവാക്കളെ ലക്ഷ്യമിട്ട്
Monday, September 30, 2024 3:59 AM IST
ചെന്നൈ: യുവവോട്ടർമാരെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.കെ. സ്റ്റാലിൻ മകൻ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കിയത്.
15 വർഷം മുന്പ്, 2009ലാണ് സ്റ്റാലിനെ പിതാവ് കരുണാനിധി ഉപമുഖ്യമന്ത്രിയാക്കിയത്. 56-ാം വയസിലാണ് സ്റ്റാലിന് ഉപമുഖ്യമന്ത്രിപദം ലഭിച്ചതെങ്കിൽ 46-ാം വയസിൽ ഉദയനിധി ഉപമുഖ്യമന്ത്രിപദത്തിലെത്തിയിരിക്കുന്നു.
തമിഴ്നാടിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉപമുഖ്യമന്ത്രിയാണ് ഉദയനിധി. എം.കെ. സ്റ്റാലിൻ, ഒ. പനീർശെൽവം എന്നിവരാണു മുന്പ് ഉപമുഖ്യമന്ത്രിമാരായിട്ടുള്ളത്.
2011ൽ ഡിഎംകെ അധികാരത്തിൽനിന്നു പുറത്തായി പത്തു വർഷം കഴിഞ്ഞ് 2021ലാണ് ഡിഎംകെ വീണ്ടും അധികാരത്തിലെത്തിയത്. 68-ാം വയസിലാണ് സ്റ്റാലിൻ മുഖ്യമന്ത്രിയായത്. തന്റെ മുഖ്യമന്ത്രിപദം വൈകിയതുപോലെ മകനു സംഭവിക്കരുതെന്നാണ് സ്റ്റാലിന്റെ ആഗ്രഹം.
1977 നവംബർ 27നു ജനിച്ച ഉദയനിധി സിനിമയിൽനിന്നാണ് രാഷ്ട്രീയത്തിലെത്തിയത്. 2019ൽ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയായി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ചെപ്പോക്ക് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2022ലാണ് മന്ത്രിസഭയിലെത്തുന്നത്. കായികവകുപ്പ് ലഭിച്ച ഉദയനിധി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രചാരണം മുന്നിൽനിന്നു നയിച്ചത് ഉദയനിധിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഉദയനിധി കടന്നാക്രമണംതന്നെ നടത്തി. 29 പൈസ മോദിയെന്നായിരുന്നു പ്രധാനമന്ത്രിയെ ഉദയനിധി ആക്ഷേ പിച്ചിരുന്നത്. ഒരു രൂപ നികുതിയായി കേന്ദ്രത്തിനു നല്കുന്പോൾ 29 പൈസയാണ് തിരികെ നല്കുന്നതെന്നായിരുന്നു ഉദയനിധിയുടെ വിമർശനം.
സനാതന ധർമത്തിനെതിരേ ഉദയനിധി നടത്തിയ പരാമർശം രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കി. എന്നാൽ, പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് ഉദയനിധി ചെയ്തത്. പാർട്ടിയുടെ പൂർണ പിന്തുണ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയെ വിജയത്തിലേക്കു നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഉദയനിധിക്കുള്ളത്. യുവാക്കളായ നടൻ വിജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഡിഎംകെയ്ക്ക് ഉദയനിധിയെന്ന യുവനേതാവ് അനിവാര്യമാണ്.