ലോകായുക്ത എഡിജിപി ക്രിമിനൽ: കേന്ദ്രമന്ത്രി കുമാരസ്വാമി
Monday, September 30, 2024 3:59 AM IST
ബംഗളൂരു: ഖനന പാട്ടക്കേസ് അന്വേഷിക്കുന്ന എസ്ഐടി തലവൻ ലോകായുക്ത എഡിജിപി ക്രിമിനലാണെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി.
എഡിജിപി എം. ചന്ദ്രശേഖർ ബ്ലാക്മെയിൽ ചെയ്യുന്നയാളും ക്രിമിനലുമാണെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി.""സഹപ്രവർത്തകർക്ക് അദ്ദേഹം ഒരു കത്തയച്ചിട്ടുണ്ട്. ആരാണ് ആ കത്ത് തയാറാക്കിയതെന്നും എവിടെനിന്നാണെന്നും എനിക്കറിയാം. സമയമാകുമ്പോൾ വെളിപ്പെടുത്തും. കുമാരസ്വാമി പറഞ്ഞു. കേസിൽ ഞാൻ പ്രതിയാണ്. എന്നാൽ അയാൾ പോലീസിന്റെ വേഷം ധരിച്ച ക്രിമിനലാണ്''- കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
കുമാരസ്വാമി ഭീഷണിപ്പെടുത്തി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ചാണ് എഡിജിപി എം. ചന്ദ്രശേഖർ അന്വേഷണസംഘാംഗങ്ങൾക്ക് കത്തയച്ചത്.
തന്നെ ആക്രമിക്കുന്നതിലൂടെ അന്വേഷണ സംഘത്തിന്റെ മനസിൽ ഭയം സൃഷ്ടിക്കാനാണു കേന്ദ്രമന്ത്രി ശ്രമിക്കുന്നതെന്നാണ് കത്തിൽ ആരോപിച്ചത്. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ ബെല്ലാരി ജില്ലയിൽ ശ്രീ സായി വെങ്കിടേശ്വര മിനറൽസിന് (എസ്എസ്വിഎം) 550 ഏക്കർ ഖനനം നടത്താൻ അനധികൃതമായി പാട്ടത്തിന് നൽകിയെന്നാണ് കേസ്.