മോദി നാളെ അമേരിക്കയിലേക്ക്
Friday, September 20, 2024 2:38 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിദിന അമേരിക്കൻ സന്ദർശനത്തിനായി നാളെ യാത്രതിരിക്കും. അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇതുവരെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്നു കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. തന്നെ കാണാൻ പ്രധാനമന്ത്രി മോദി അടുത്തയാഴ്ച വരുമെന്ന് ഒരു പ്രചാരണറാലിയിൽ ട്രംപ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ ഈ വിശദീകരണം.
ഡെലവെയറിലെ വിൽമിംഗ്ടണിൽ നാളെ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി മോദി, അവിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി പത്രസമ്മേളനത്തിൽ പറഞ്ഞു.
അടുത്ത ക്വാഡ് ഉച്ചകോടി 2025ൽ ഇന്ത്യ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്വാഡ് രാഷ്ട്രനേതാക്കളുടെ ഉച്ചകോടിക്കുശേഷം ഡെലവെയറിൽനിന്ന് തിങ്കളാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനായി ഞായറാഴ്ച ന്യൂയോർക്കിലെത്തും. ഞായറാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ ലോംഗ് ഐലണ്ടിൽ പ്രവാസികളുടെ സമ്മേളത്തിലും പങ്കെടുക്കും.