ആരോഗ്യ ജീവനക്കാരുടെ സുരക്ഷ: ബംഗാളിൽ മാർഗനിർദേശങ്ങളായി
Friday, September 20, 2024 1:07 AM IST
കോൽക്കത്ത: ആരോഗ്യമേഖലയിലെ ജീവനക്കാരുടെ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനു പശ്ചിമബംഗാൾ സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
കോൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ജൂണിയർ ഡോക്ടർമാർ ആഴ്ചകളായി സമരത്തിലാണ്. സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ചർച്ച നടന്നതിനു തൊട്ടടുത്ത ദിവസമാണ് മാർഗനിർദേശങ്ങൾ പുറത്തുവന്നത്.
ആവശ്യത്തിന് ഓൺ ഡ്യൂട്ടി മുറികൾ, ശുചിമുറികൾ, സിസിടിവി, കുടിവെള്ളം തുടങ്ങിയ ചികിത്സാ കേന്ദ്രങ്ങളിൽ ഉണ്ടാകണമെന്ന് നിർദേശമുണ്ട്.
അതിനിടെ ആർജി കാർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ മെഡിക്കൽ രജിസ്ട്രേഷൻ റദ്ദാക്കിയതായി പശ്ചിമബംഗാൾ മെഡിക്കൽ കൗൺസിൽ (ഡബ്ലിയുബിഎംസി) പറഞ്ഞു. കേസിൽ സിബിഐ കസ്റ്റഡിയിൽ തുടരുന്ന ഇദ്ദേഹത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ 19 നാണ് റദ്ദാക്കിയത്. പശ്ചിമബംഗാൾ മെഡിക്കൽ ആക്ടിന്റെ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
അതേസമയം കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ കേസന്വേഷിക്കുന്ന സിബിഐ സംഘത്തിന് കത്തയച്ചിരുന്നുവെന്നകാര്യത്തിൽ സ്ഥിരീകരണമായി. കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂർ മുന്പ് മകളുമായി സംസാരിച്ചിരുന്നുവെന്നാണ് ഇദ്ദേഹം സിബിഐയെ അറിയിച്ചത്.
ഫോണിലെ കോൾ റിക്കാർഡ് സൂക്ഷിച്ചുവയ്ക്കണമെന്നും ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിലെ സിസിടിവി ദൃശ്യങ്ങളും സൂക്ഷിക്കണമെന്നും സിബിഐയ്ക്ക് അയച്ച കത്തിൽ ആവശ്യമുണ്ട്. ഈ കത്തും ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റാറ്റസ് റിപ്പോർട്ടും ചൊവ്വാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.