സെൻസസിൽ ജാതികോളം ചേർക്കാൻ കേന്ദ്രം തയാറായേക്കും
Tuesday, September 17, 2024 1:49 AM IST
ന്യൂഡൽഹി: അടുത്ത സെൻസസിൽ ജാതികോളംകൂടി ചേർക്കാൻ കേന്ദ്രം തയാറായേക്കുമെന്ന് റിപ്പോർട്ടുകൾ.
ജാതി സെൻസസ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമായിക്കൊണ്ടിരിക്കെ ജാതി കോളത്തെപ്പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണു സൂചന. 2021ൽ കോവിഡ് മഹാമാരി മൂലം മുടങ്ങിപ്പോയ സെൻസസിന്റെ നടപടിക്രമങ്ങൾ എന്നു തുടങ്ങുമെന്നു കേന്ദ്ര സർക്കാർ വൈകാതെ പ്രഖ്യാപിച്ചേക്കും.
പ്രതിപക്ഷ പാർട്ടികൾക്കൊപ്പം എൻഡിഎ സർക്കാർ സഖ്യത്തിന്റെ ഭാഗമായ ജനദാതൾ യുണൈറ്റഡ് (ജെഡിയു), ലോക്ജനശക്തി പാർട്ടി തുടങ്ങിയ പാർട്ടികളും ജാതി സെൻസസ് നടത്തണമെന്നു കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു.
ബിഹാറിൽ സർവേ പുറത്തുവന്നതിന് ശേഷം സംസ്ഥാനത്തെ ജനസംഖ്യയുടെ 80 ശതമാനത്തിലധികവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണെന്നു വെളിപ്പെട്ടിരുന്നു. ഇതോടെയാണ് രാജ്യവ്യാപകമായി ജാതി സർവേ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമായത്.