യെച്ചൂരിയുടെ വേർപാട്; വിലാപയാത്രയിൽ ആയിരങ്ങൾ
Sunday, September 15, 2024 2:27 AM IST
ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീരോചിത യാത്രയയപ്പ് നല്കി തലസ്ഥാനനഗരി. മൃതദേഹം ഡല്‍ഹി എയിംസ് അധികൃതര്‍ക്ക് കൈമാറുന്നതിനുമുന്പ് എകെജി ഭവനില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.10ന് ആരംഭിച്ച വിലാപയാത്രയിൽ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ഉൾപ്പെടെ ആയിരങ്ങളാണു പങ്കെടുത്തത്.
സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി, മണിക് സർക്കാർ, വൃന്ദ കാരാട്ട്, എ. വിജയരാഘവൻ, എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ, മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, വി.എൻ. വാസവൻ, പി. പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ, ആർ. ബിന്ദു, സജി ചെറിയാൻ, മുതിർന്ന നേതാക്കളായ മുഹമ്മദ് സലീം, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ഷൈലജ, പി. സതീദേവി, ആനി രാജ, എംപിമാരായ കെ. രാധാകൃഷ്ണൻ, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, വി. ശിവദാസൻ, പി.പി. സുനീർ, സന്തോഷ് കുമാർ, പി.വി. അൻവർ എംഎൽഎ തുടങ്ങിയവരും സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ, കർഷകസംഘം നേതാക്കളും വിലാപയാത്രയിൽ പങ്കെടുത്തു. വി.എസ്. അച്യുതാനന്ദനുവേണ്ടി മകൻ അരുണ്‍ കുമാർ ഡൽഹിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ, മുൻ ഉപപ്രധാനമന്ത്രി ഈശ്വർ പൊഖ്രിയാൽ, ടൂറിസം മന്ത്രി ബദ്രി പ്രസാദ് പാൻഡെ, ചൈനീസ് അംബാസിഡർ ക്സൂ ഫീഹോങ്, റഷ്യൻ അംബാസിഡർ ഡെനിസ് അലിപൊവ്, സിറിയൻ അംബാസഡർ ബസം അൽ ഖത്തിഫ്, വിയറ്റ്നാം അംബാസഡർ എൻഗുയെന്ഡ തൻഹ് ഹെയ്, പലസ്തീൻ അബാംസിഡർ അദ്നാൻ അബു അൽഹൈജ, ക്യൂബൻ അംബാസഡർ ഇൻ ചാർജ് അബേൽ തുടങ്ങി നിരവധി വിദേശരാജ്യ പ്രതിനിധികളും എകെജി ഭവനിലെത്തി ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവിന് അന്ത്യോപചാരം അർപ്പിച്ചു.
ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, വൈദികർ, ദീപികയ്ക്കുവേണ്ടി നാഷണൽ അഫയേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, വിവിധ സമുദായ- സാമൂഹ്യ സംഘടനാ നേതാക്കൾ എന്നിവരും എകെജി ഭവനിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
ഇന്നലെ വൈകുന്നേരം 4.45 ഓടെയാണ് എയിംസ് അധികൃതർ മൃതദേഹം ഏറ്റുവാങ്ങിയത്. യെച്ചൂരിയുടെ വസതിയില്‍നിന്ന് രാവിലെ 10.15 ഓടെയാണ് മൃതദേഹം പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ എത്തിച്ചത്.
പ്രകാശ് കാരാട്ട്, പിണറായി വിജയന്, എം.വി. ഗോവിന്ദന്, എം.എ. ബേബി തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി.