മണിപ്പുർ കലാപം കേന്ദ്രത്തിന്റെ പരാജയം: കോൺഗ്രസ്
Thursday, September 12, 2024 4:18 AM IST
ന്യൂഡൽഹി: മണിപ്പുർ ദുരന്തത്തിനു കാരണം കേന്ദ്രസർക്കാരാണെന്ന് കോൺഗ്രസ്. സംഘർഷം തടയുന്നതിൽ സന്പൂർണമായി പരാജയപ്പെട്ട അമിത് ഷായെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
സ്വന്തം രാജ്യത്തെക്കാൾ ലോകത്തിന്റെ മറ്റിടങ്ങളിലെ സംഘർഷങ്ങളിൽ കൂടുതൽ ആശങ്കയുള്ളതിനാലാണു പ്രധാനമന്ത്രി മോദി മണിപ്പുർ സന്ദർശിക്കാത്തത്. 16 മാസമായി നീറിപ്പുകയുകയാണെങ്കിലും ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഒരു നിമിഷം പോലും അവിടെ ചെലവഴിക്കാനാകുന്നില്ല.
കോൺഗ്രസ് നേതാവ് രാഹുൽ മൂന്നുതവണ മണിപ്പുർ സന്ദർശിച്ചുവെന്നുമാത്രമല്ല സമാധാനത്തിനായി ആഹ്വാനം ചെയ്തുവെന്നതും അഭിമാനകരമാണ്-അവർ പറഞ്ഞു. മണിപ്പുർ കോൺഗ്രസ് അധ്യക്ഷൻ കെ. മേഘചന്ദ്ര, ഇന്നർ മണിപ്പുർ എംപി എ.ബിമോൽ അകോയ്ജം, മണിപ്പുരിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരിഷ് ചോധൻകർ എന്നിവരും കോൺഗ്രസ് വക്താവിനൊപ്പമുണ്ടായിരുന്നു.