ജുലാനയിൽ മത്സരം കടുക്കും
Thursday, September 12, 2024 4:18 AM IST
ചണ്ഡിഗഡ്: ജുലാന മണ്ഡലത്തിൽ ഗുസ്തിതാരവും കോൺഗ്രസ് സ്ഥാനാർഥിയുമായ വിനേഷ് ഫോഗട്ടിനെ നേരിടാൻ ബിജെപി രംഗത്തിറക്കിയിരിക്കുന്ന ക്യാപ്റ്റൻ യോഗേഷ് ബൈരാഗി മുൻ കൊമേഴ്സ്യൽ പൈലറ്റും മുൻ കരസേന ഓഫീസറുമാണ്.
മുപ്പത്തിയഞ്ചുകാരനായ യോഗേഷ് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്. ബിജെപി സ്പോർട്സ് സെൽ കോ-കൺവീനർസ്ഥാനവും വഹിക്കുന്നു.
ജാട്ട് സ്വാധീനമേഖലയാണു ജുലാന. ആകെയുള്ള 1.82 ലക്ഷം വോട്ടർമാരിൽ 85,000 ജാട്ടുകളാണ്. പിന്നാക്കക്കാരും പട്ടികജാതിക്കാരും ചേർന്നാൽ 62,000 വോട്ടുണ്ട്. ജാട്ടുകൾ ഒന്നടങ്കം പിന്തുണച്ചാൽ വിനേഷിനു വൻ വിജയം ഉറപ്പ്. ജാട്ട് ഇതര വിഭാഗക്കാരനാണ് യോഗേഷ് ബൈരാഗി.
ജുലാനയിൽ 2019ൽ വിജയിച്ചത് ജെജെപിയിലെ ആയിരുന്നു. അന്ന് ബിജെപി രണ്ടാമതും കോൺഗ്രസ് മൂന്നാമതുമായി. എന്നാൽ, ഇത്തവണ സിറ്റിംഗ് എംഎൽഎ അമർജീത് ധൻഡ രംഗത്തുണ്ടെങ്കിലും മത്സരം വിനേഷ് ഫോഗട്ടും യോഗേഷ് ബൈരാഗിയും തമ്മിലാണ്.
ചർഖി ദാദ്രി ജില്ലക്കാരിയാണെങ്കിലും വിനേഷിനു ജുലാനുമായി ബന്ധമുണ്ട്. ഇവിടത്തെ ബഖ്ത ഖേര ഗ്രാമക്കാരനാണ് വിനേഷിന്റെ ഭർത്താവ് സോംവീർ റാഠി.
ജുലാനയിൽ ഇതുവരെ വിജയിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടില്ല. ആ ചരിത്രം തിരുത്താനാണ് യോഗേഷിനെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഒന്പതു വർഷം സൈന്യത്തിൽ സേവനം ചെയ്തയാളാണ് യോഗേഷ്.