ബിജെഡി രാജ്യസഭാംഗം രാജിവച്ചു, ബിജെപിയിൽ ചേർന്നു
Saturday, September 7, 2024 1:54 AM IST
ഭുവനേശ്വർ: ഒഡീഷയിലെ ബിജെഡി നേതാവ് സുജീത്കുമാർ രാജ്യസഭാംഗത്വം രാജിവച്ചു. തുടർന്ന് സുജീത്കുമാറിനെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബിജെഡി പുറത്താക്കി.
വൈകാതെ അദ്ദേഹം ബിജെപിയിൽ ചേർന്നു. ഒരുകാലത്ത് ബിജെഡി നേതാവ് വി.കെ. പാണ്ഡ്യന്റെ ഉറ്റ അനുയായി ആയിരുന്ന സുജീത്കുമാർ 2020 ഏപ്രിലിലാണ് രാജ്യസഭാംഗമായത്.
മൂന്നാം മോദി സർക്കാർ അധികാരമേറ്റശേഷം രാജിവച്ച് ബിജെപിയിൽ ചേർന്ന രണ്ടാമത്തെ ബിജെഡി രാജ്യസഭാംഗമാണ് സുജീത്കുമാർ. ഒരു മാസം മുന്പ് ബിജെഡി അംഗം മമത മൊഹന്ത രാജ്യസഭാംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു.
ഇവർ പിന്നീട് ബിജെപി നോമിനിയായി രാജ്യസഭാംഗമായി. സുജീത്കുമാറിന്റെ രാജിയോടെ രാജ്യസഭയിൽ ബിജെഡിയുടെ അംഗബലം ഏഴായി ചുരുങ്ങി സുജീത്കുമാർ രാജിവച്ച സീറ്റ് ബിജെപിക്കു ലഭിക്കും.