ഡൽഹി ലഫ്. ഗവർണറുടെ അധികാരം വിപുലപ്പെടുത്തി കേന്ദ്രസർക്കാർ
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേനയ്ക്ക് കൂടുതൽ അധികാരം നൽകി കേന്ദ്രസർക്കാർ. സംസ്ഥാനത്ത് വിവിധ കമ്മീഷനുകൾ, ബോർഡ്, അഥോറിറ്റി, നിയമപരമായ സംവിധാനം തുടങ്ങിയവ രൂപീകരിക്കാനുള്ള അധികാരം ലഫ്. ഗവർണർക്കു നൽകി. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സംസ്ഥാന സർക്കാരും ലഫ്. ഗവർണറും തമ്മിൽ അധികാരത്തർക്കം രൂക്ഷമായിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ നടപടി.
പുതിയ വിജ്ഞാപനപ്രകാരം വനിതാ കമ്മീഷൻ, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തുടങ്ങിയവയിൽ ലഫ്. ഗവർണർക്ക് നിയമനം നടത്താനാകും.
ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയിരുന്നു. സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണ് അന്ന് ഗവണ്മെന്റ് ഓഫ് നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഭേദഗതി നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നത്.
ക്രമസമാധാനം, പോലീസ്, ഭൂമി എന്നിവയൊഴികെ ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നിയമനാധികാരം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരപരിധിയിലാണെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു പിന്നാലെയായിരുന്നു കേന്ദ്രസർക്കാരിന്റെ അന്നത്തെ നടപടി.
അതേസമയം, വളഞ്ഞ വഴിയിലൂടെ ഡൽഹിയിലെ ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും ഇതിനായി രാഷ്ട്രപതിയെ അവർ കൂട്ടുപിടിക്കുകയാണെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
ജമ്മു-കാഷ്മീരിലെ ലഫ്. ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന വിജ്ഞാപനം കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയിരുന്നു.