പ്രത്യേക പാക്കേജ് വേണം; വയനാട് ദുരന്തത്തിൽ രാഹുൽ ഗാന്ധി
Thursday, August 8, 2024 2:27 AM IST
ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും സമഗ്രമായ പുനരധിവാസ പാക്കേജിന് കേന്ദ്രസർക്കാർ സഹായം നൽകണമെന്നും ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സങ്കൽപ്പിക്കാനാകാത്ത വ്യാപ്തിയുള്ള ദുരന്തം ഗൗരവ പ്രതികരണം അർഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനടക്കം സന്പൂർണ പുനരധിവാസ പാക്കേജിന് സഹായം നൽകുക, ഇരകളുടെ കുടുംബങ്ങൾക്കു നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും രാഹുൽ ഗാന്ധി ഉന്നയിച്ചു.
വയനാട്ടിലെ ദുരന്തഭൂമിയിൽ സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം നടത്തിയ സന്ദർശനത്തിൽ നേരിട്ടു കണ്ട മഹാദുരന്തത്തിന്റെ വേദനയും സഹനവും വിവരിക്കാവുന്നതിലും അപ്പുറമാണെന്ന് വികാരാധീനനായി രാഹുൽ പറഞ്ഞു.
രണ്ടു കിലോമീറ്ററോളമാണു മലയിടിഞ്ഞു താഴേക്ക് നാശം വിതച്ചത്. മലയിൽനിന്നുള്ള ചെളി പുഴപോലെ ഒഴുകി. നാനൂറിലേറെ പേർ മരിച്ചു. പല ദുരന്തമേഖലകളും സന്ദർശിച്ചിട്ടുണ്ടെങ്കിലും വയനാട്ടിലേതു ഹൃദയം മുറിവേൽപ്പിക്കുന്നതായി.
പല കുടുംബങ്ങളും പാടെ ഇല്ലാതായി. പല കുടുംബങ്ങളിലും അച്ഛനും അമ്മയും സഹോദരങ്ങളുമടക്കം എല്ലാവരും നഷ്ടമായപ്പോഴും ഒരാൾവീതം ശേഷിച്ചു. ചില വീടുകളിൽ കുട്ടിയാണെങ്കിൽ മറ്റുചില വീടുകളിൽ പ്രായമായ ആളാണ് അവശേഷിച്ചത്. വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ എല്ലാവരും ഒന്നിച്ചുവെന്നത് ആശ്വാസമാണ്. സമുദായങ്ങളും ആശയങ്ങളും മറന്ന് എല്ലാവരും ഒറ്റക്കെട്ടായി സഹായമെത്തിച്ചു.
കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകൾ, സൈനിക വിഭാഗങ്ങൾ, ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനകൾ, കർണാടക, തമിഴ്നാട്, തെലുങ്കാന സർക്കാരുകൾ തുടങ്ങിയവയെല്ലാം രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ദുരന്തത്തിലെ ഇരകൾക്ക് ഒപ്പം നിന്ന പാർലമെന്റിന് അടക്കം എല്ലാവർക്കും നന്ദി.
അതേസമയം, വയനാട്ടിലെ ദുരന്തത്തെക്കുറിച്ചു സംസാരിക്കാൻ സ്പീക്കർ രാഹുലിനെ ക്ഷണിച്ചതോടെ ബഹളവുമായി ബിജെപി എംപിമാർ എഴുന്നേറ്റു. അക്ഷോഭ്യനായി കുറച്ചുസമയം ബഹളം കേട്ടുനിന്ന ശേഷമാണ് രാഹുൽ പ്രസംഗിച്ചത്. ദുരന്തമുണ്ടായ വയനാടിനെക്കുറിച്ചു സംസാരിക്കാൻ ബിജെപിക്കാർ അനുവദിക്കാത്തത് അത്ഭുതപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.