നീറ്റ് യുജിയിൽ സുപ്രീംകോടതി; പരീക്ഷാകേന്ദ്രം തിരിച്ച് ഫലം വേണം
Friday, July 19, 2024 1:41 AM IST
സനു സിറിയക്
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) യുടെ ഫലങ്ങൾ നഗരങ്ങളും പരീക്ഷാകേന്ദ്രങ്ങളും തിരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതിയുടെ നിർദേശം. നാളെ ഉച്ചയ്ക്ക് 12ന് മുന്പ് വിദ്യാർഥികളുടെ വ്യക്തിപരമായ വിവരങ്ങൾ മറച്ചുവച്ച് ഫലം പ്രസിദ്ധീകരിക്കാനാണു കോടതി നിർദേശിച്ചിരിക്കുന്നത്.
കേസിൽ 22ന് വീണ്ടും വാദം കേൾക്കും. അന്ന് വിഷയത്തിൽ തീർപ്പു കൽപ്പിക്കുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബിഹാർ സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാപകമായ ചോർച്ച നടന്നുവെന്ന് കണ്ടെത്തിയാൽ മാത്രമേ പുനഃപരീക്ഷ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നും കോടതി വ്യക്തമാക്കി. അതേസമയം, 24ന് നീറ്റ് കൗണ്സലിംഗ് ആരംഭിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
സെന്ററുകളുടെ അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിക്കുന്പോൾ വിദ്യാർഥികൾക്കു ലഭിച്ച മാർക്കുകളുടെ അസ്വാഭാവികത മനസിലാക്കാൻ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. ബിഹാറിലെ പാറ്റ്നയിലും ജാർഖണ്ഡിലെ ഹസാരിബാഗിലും ചോദ്യപേപ്പർ ചോർച്ച സംഭവിച്ചിട്ടുള്ളതായി സമ്മതിച്ചിട്ടുണ്ട്. ഇത് അവിടെ മാത്രമാണോ എന്നു പരിശോധിക്കണം. അതിനായി കേന്ദ്രങ്ങൾ തിരിച്ചുള്ള ഫലം പ്രസിദ്ധീകരിക്കേണ്ടതുണ്ട് -കോടതി പറഞ്ഞു. കോടതിയുടെ ഈ ആവശ്യത്തെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തു. എന്നാൽ തീരുമാനത്തിൽ സുപ്രീംകോടതി ഉറച്ചുനിൽക്കുകയാണുണ്ടായത്.
പരീക്ഷാകേന്ദ്രങ്ങൾ തിരിച്ചുള്ള ഫലപ്രഖ്യാപനം കൂടുതൽ സുതാര്യതയുണ്ടാക്കുമെന്ന് ഹർജിക്കാരിൽ ചിലർ കോടതിൽ സമർഥിച്ചിരുന്നു. എന്നാൽ, വ്യാപകമായ ക്രമക്കേടുകൾ സംഭവിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചത്.
പുനഃപരീക്ഷ നടത്തുന്നതിനെ എൻടിഎയും ശക്തമായി എതിർത്തു. നിലവിൽ 131 വിദ്യാർഥികൾ മാത്രമാണു പുനഃപരീക്ഷ നടത്തണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
കേസിൽ സിബിഐ അന്വേഷണം തുടരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട തത്സ്ഥിതി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ ഈ റിപ്പോർട്ടിലെ വിവരങ്ങൾ പരാമർശിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പരീക്ഷയിൽ വ്യാപക ക്രമേക്കട് നടന്നിട്ടുണ്ടെങ്കിൽ മാത്രമേ പുനഃപരീക്ഷ നടത്തുകയുള്ളൂവെന്ന് കേസ് പരിഗണിക്കുന്പോൾ മുതൽ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. ഇതു പരിശോധിക്കാൻ വിശദമായ വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോടും എൻടിഎയോടും കോടതി ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, വ്യാപക ചോർച്ച കണ്ടെത്താനായിട്ടില്ലെന്ന് മദ്രാസ് ഐഐടിയുടെ പഠനം ഉദ്ധരിച്ചുകൊണ്ട് എൻടിഎ നേരത്തേ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
24 ലക്ഷം വിദ്യാർഥികളുടെ വിദ്യാർഥികളുടെ ഭാവിയാണ് തങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അതിനാൽ വിഷയത്തിൽ സൂക്ഷ്മത വേണമെന്നും ചീഫ് ജസ്റ്റീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.