ശൈശവ വിവാഹം: ഹർജിയിൽ വിധി പിന്നീട്
Thursday, July 11, 2024 1:35 AM IST
ന്യൂഡൽഹി: രാജ്യത്ത് ശൈശവവിവാഹം വർധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വിധി പറയാൻ സുപ്രീംകോടതി മാറ്റിവച്ചു.
ശൈശവ വിവാഹം തടയുന്നതിന് ആവശ്യമായ ചട്ടം നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഒരു സന്നദ്ധ സംഘടന സമർപ്പിച്ച ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. വളരെ പ്രധാനപ്പെട്ട വിഷയം എന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് വിധി പറയാൻ മാറ്റിവയ്ക്കുന്നതായി ഇന്നലെ അറിയിച്ചത്.
ശൈശവ വിവാഹത്തിന്റെ പ്രശ്നങ്ങൾ ഇപ്പോഴും രാജ്യത്തു നിലനിൽക്കുന്നുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ, രാജ്യത്തു ശൈശവ വിവാഹങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയിൽ പറഞ്ഞു. സ്ത്രീകളുടെ വിവാഹപ്രായം 18ൽനിന്ന് 21 ആക്കണമെന്നുള്ള ബിൽ ഇപ്പോഴും തീർപ്പ് കല്പിച്ചിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ശൈശവവിവാഹങ്ങളുടെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നു ശേഖരിച്ച വിവരങ്ങൾ, ശൈശവ വിവാഹ നിരോധന നിയമം 2006ലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ, ഇതിനായി സർക്കാർ രൂപീകരിച്ച നയങ്ങൾ എന്നിവയുടെ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മൂന്നു വർഷമായി റിപ്പോർട്ട് ചെയ്യപ്പെട്ട ശൈശവ വിവാഹങ്ങളുടെ എണ്ണം, തടയപ്പെട്ട ശൈശവ വിവാഹങ്ങൾ, രജിസ്റ്റർ ചെയ്ത കേസുകളുടെ സംസ്ഥാനങ്ങൾ തിരിച്ചുള്ള വിവരങ്ങൾ എന്നിവ കേന്ദ്രം ഇന്നലെ കോടതിയിൽ ഹാജരാക്കി.