ശംഭു അതിർത്തിയിലെ ബാരിക്കേഡ് നീക്കം ചെയ്യണമെന്നു ഹൈക്കോടതി
Thursday, July 11, 2024 1:35 AM IST
ന്യൂഡൽഹി: കർഷകസമരത്തെത്തുടർന്ന് ഡൽഹി അതിർത്തിയായ ശംഭുവിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഏഴു ദിവസത്തിനകം ഇതു നീക്കം ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന് ഹരിയാന സർക്കാരിനോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആവശ്യപ്പെട്ടു. ബാരിക്കേഡുകൾ നീക്കം ചെയ്യുന്പോൾ ക്രമസമാധാന പ്രശ്നമുണ്ടായാൽ നിയമപ്രകാരമുള്ള പ്രതിരോധനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
കർഷക പ്രതിഷേധത്തെത്തുടർന്ന് അഞ്ചു മാസത്തിലേറെയായി ശംഭു അതിർത്തി ഹരിയാന പോലീസ് അടച്ചിട്ടിരിക്കുകയാണ്. ഇത് പൊതുഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
കഴിഞ്ഞ ഫെബ്രുവരിയിൽ സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദുർ മോർച്ചയും നടത്തിയ ഡൽഹി ചലോ മാർച്ചിനെത്തുടർന്നാണ് അതിർത്തിയിൽ കർഷകരെ തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചത്.