പഞ്ചാബിൽ ചതുഷ്കോണ മത്സരം
Tuesday, May 28, 2024 1:28 AM IST
സെബിൻ ജോസഫ്
ദേശീയതലത്തിൽ ആംആദ്മി പാർട്ടിയും കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെങ്കിൽ പഞ്ചാബിൽ ഇരു പാർട്ടികളും പരസ്പരം മത്സരിക്കുന്നു. ജൂണ്‍ ഒന്നിനു നടക്കുന്ന അവസാന ഘട്ടത്തിലാണ് പഞ്ചാബിലെ 13 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ്.
ബിജെപി, അകാലിദൾ സ്ഥാനാർഥികളും മത്സരംഗത്തുണ്ട്. കർഷകസമരത്തിന്റെ ഈറ്റില്ലമായ പഞ്ചാബിൽ നാലു പാർട്ടികളും കളത്തിലിറങ്ങിയതോടെ ശക്തമായ ചതുഷ്കോണ മത്സരമാണു നടക്കുന്നത്. ഇടക്കാല ജാമ്യത്തിൽ ആം ആദ്മി കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ പുറത്തെത്തിയതോടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നിന്റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണ് പാർട്ടി നടത്തിവരുന്നത്.
സത്ലജ്, രവി, ബിയാസ് നദികൾ പഞ്ചാബിനെ കീറിമുറിച്ചാണ് ഒഴുകുന്നത്. മൂന്നു നദികളും പഞ്ചാബിനെ മൂന്നു മേഖലകളായി തിരിക്കുന്നു. മാൽവ, മജ്ഹ, ദോബ മേഖലകൾ. മാൽവ മേഖല ഏറ്റവും വലുതും രാഷ്ട്രീയമായി സ്വാധീനമുള്ള മേഖലയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മാൽവ മേഖലയിൽ കൂടുതൽ സീറ്റ് നേടുന്നവരാണ് സർക്കാർ രൂപീകരിക്കുന്നത്.
എട്ടു ലോക്സഭാ സീറ്റുകളാണ് മാൽവ മേഖലയിലുള്ളത്. ലുധിയാന, ഭട്ടിൻഡ, ഫിറോസ്പുർ, ഫരീദ്കോട്ട്, ഫത്തേഗഡ് സാഹിബ്, പട്യാല, അനന്ത്പുർ സാഹിബ്, സംഗ്രൂർ; ദോബ മേഖലയിൽ ഹോഷിയാർപുർ, ജലന്ധർ സീറ്റുകളും മജ്ഹയിൽ ഗുർദാസ്പുർ, അമൃത്സർ, ഖദൂർ സാഹിബ് സീറ്റുകളുമുണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മാൽവ മേഖലയിലെ ലുധിയാന, അനന്ത്പുർ സാഹിബ്, പട്യാല, ഫത്തേഗഡ് സാഹിബ്, ഫരീദ്കോട്ട് മണ്ഡലങ്ങളിലും ദോബയിലെ ജലന്ധറിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.
2023ലെ ഉപതെരഞ്ഞെടുപ്പിൽ ജലന്ധർ സീറ്റിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി വിജയിച്ചു. മാൽവയിലെ ഭട്ടിൻഡ, ഫിറോസ്പുർ സീറ്റുകളിൽ ശിരോമണി അകാലിദൾ സ്ഥാനാർഥിയാണു വിജയിച്ചത്.
ഹോഷിയാർപുർ (ദോബ), ഗുരുദാസ്പുർ സീറ്റുകളിൽ ബിജെപി വിജയിച്ചു. 2022ൽ നടന്ന സംഗ്രൂർ ഉപതെരഞ്ഞെടുപ്പിൽ അകാലിദളിനായിരുന്നു വിജയം.
നിലവിലെ മുഖ്യമന്ത്രി ഭഗവന്ത് മൻ, ബാദൽ കുടുംബം, മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവർ മാൽവ മേഖലയിൽനിന്നുള്ളവരാണ്.
കർഷകസമരത്തിന്റെ പ്രഭവകേന്ദ്രവും മാൽവയാണ്. വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷി നടക്കുന്ന പഞ്ചാബിൽ കർഷകസമരം ചരിത്രം തിരുത്തിക്കുറിച്ചേക്കും. 2019 പൊതുതെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും ജയിക്കാതിരുന്ന ആം ആദ്മി പാർട്ടി ഇക്കുറി 13 സീറ്റിലും ജയിക്കുമെന്ന് പറയുന്നു.
വൈദ്യുതിയും വെള്ളവും സൗജന്യമാക്കിയ ഭഗവത് മൻ സർക്കാരിന്റെ ക്ഷേമപദ്ധതിയിലൂന്നിയ പ്രവർത്തനം ആം ആദ്മി പാർട്ടിക്ക് അമിതപ്രതീക്ഷയാണു നൽകുന്നത്. ബാദൽ കുടുംബത്തിന്റെ ശക്തി ക്ഷയിച്ചെങ്കിലും ഭട്ടിൻഡയിൽ സിറ്റിംഗ് എംപി ഹർസിമ്രത് കൗറിനു വിജയസാധ്യതയുണ്ട്. സിറ്റിംഗ് സീറ്റുകളിൽ ബിജെപിയും പ്രതീക്ഷ വയ്ക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സജീവമായി പ്രചാരണരംഗത്തുണ്ട്. കർഷകസമരവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭിന്നിപ്പിക്കൽ നയങ്ങളുമാണ് കോണ്‍ഗ്രസിന്റെ പ്രചാരണായുധം. പഞ്ചാബിൽ ബിജെപി ആരുമായും സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി, വികസനപദ്ധതികൾ ഉയർത്തിയാണ് വോട്ട് തേടുന്നത്.