നടൻ മിഥുൻ ചക്രബർത്തിയുടെ റോഡ് ഷോയ്ക്കിടെ കല്ലേറ്, സംഘർഷം
Wednesday, May 22, 2024 12:51 AM IST
മിഡ്നാപുർ: ബംഗാളിലെ മിഡ്നാപുർ പട്ടണത്തിൽ നടനും ബിജെപി നേതാവുമായ മിഥുൻ ചക്രബർത്തിയുടെ റോഡ് ഷോയ്ക്കിടെ കല്ലേറ്. തുടർന്ന് സംഘർഷമുണ്ടായി.
ബിജെപി സ്ഥാനാർഥി അഗ്നിമിത്ര പോളും മിഥുൻ ചക്രബർത്തിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്ന് അഗ്നിമിത്ര പോൾ ആരോപിച്ചു.
കളക്ടറേറ്റിനു സമീപത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ഷേക്ക്പുരയിലെത്തിയപ്പോൾ റോഡരികിൽ നിന്ന ചിലർ കല്ലും കുപ്പികളും എറിയുകയായിരുന്നു. തുടർന്ന് കല്ലേറു നടത്തിയവരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാക്കി. ഈ മാസം 25നാണ് മിഡ്നാപുരിൽ തെരഞ്ഞെടുപ്പ് നടക്കുക.