ആൾക്കൂട്ടക്കൊലപാതകം: എന്തു നടപടി സ്വീകരിച്ചെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി
Wednesday, April 17, 2024 3:04 AM IST
ന്യൂഡൽഹി: ആൾക്കൂട്ടക്കൊലപാതകക്കേസുകൾ തടയാൻ സംസ്ഥാനങ്ങൾ എന്തു നടപടി സ്വീകരിച്ചെന്ന് സുപ്രീംകോടതി. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണ്‍ (എൻഎഫ്ഐഡബ്ല്യു) സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പ്രതികരണം.
നിലവിൽ മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റീസുമാരായ ബി.ആർ. ഗവായി, അരവിന്ദ് കുമാർ, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു.
ആൾക്കൂട്ടക്കൊലപാതകങ്ങളെ സാധാരണ കൊലപാതകമായി ചിത്രീകരിക്കുന്നത് എന്താണെന്നും തെഹ്സീൻ പൂനവാല കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശം മറികടക്കാൻ സംസ്ഥാനങ്ങൾ ശ്രമിക്കുന്നതായും എൻഎഫ്ഐഡബ്ല്യുവിനു വേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ പറഞ്ഞു. മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിസാം പാഷയുടെ പ്രതികരണം.