ഭരണഘടന ഉറപ്പുനൽകുന്ന അവകാശം തെറ്റായി വിനിയോഗിച്ചു; ഉദയനിധി സ്റ്റാലിനെതിരേ സുപ്രീംകോടതി
Tuesday, March 5, 2024 2:01 AM IST
ന്യൂഡൽഹി: സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ വിമർശിച്ച് സുപ്രീംകോടതി. ഭരണഘടന ഉറപ്പു തരുന്ന അഭിപ്രായ സ്വാതന്ത്രം ദുരുപയോഗം ചെയ്തതായി ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള നിങ്ങളുടെ അവകാശം ദുരുപയോഗം ചെയ്തു. ആർട്ടിക്കിൾ 25 പ്രകാരമുള്ള അവകാശവും നിങ്ങൾ ദുരുപയോഗം ചെയ്തു. ഒരു മന്ത്രിയെന്ന നിലയിൽ താൻ പറഞ്ഞതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ മനസിലാക്കേണ്ടിയിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.
ഭരണഘടനയുടെ 32-ാം അനുച്ഛേദം പ്രകാരം സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനുള്ള അവകാശം വിനയോഗിക്കുകയാണോ. താങ്കൾ ഒരു സാധാരണക്കാരനല്ല. മന്ത്രിയാണ്. പറഞ്ഞതിന്റെ അനന്തര ഫലം നിർബന്ധമായും അറിഞ്ഞിരിക്കണം- കോടതി പറഞ്ഞു. ഹർജി പരിഗണിക്കുന്നത് 15ലേക്കു മാറ്റി.
ഉദയനിധിക്കായി മുതിർന്ന് അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് ഹാജരായത്. ഉദയനിധിക്കെതിരായ എഫ്ഐആർ ഫയൽ ചെയ്തത് ഉത്തർപ്രദേശ്, കർണാടക, ബിഹാർ, ജമ്മു കാഷ്മീർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബറിലാണ് സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ഉദയനിധി പ്രസ്താവന നടത്തിയത്.