തെലുങ്കാനയിൽ പ്രചാരണം സമാപിച്ചു
Wednesday, November 29, 2023 2:03 AM IST
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. 119 മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും. ഞായറാഴ്ച ഫലപ്രഖ്യാപനമുണ്ടാകും. തെലുങ്കാനയിൽ ബിആർഎസും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ്.
ഹാട്രിക് വിജയമാണു ബിആർഎസ് ലക്ഷ്യമിടുന്നത്. ഇത്തവണഅധികാരം പിടിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. സ്വാധീനമറിയിക്കാൻ ബിജെപിയുമുണ്ട്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഇന്നലെ തെലുങ്കാനയിൽ പ്രചാരണം നടത്തി.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സച്ചിൻ പൈലറ്റ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തെലുങ്കാനയിലെത്തിയിരുന്നു.
ബിആർഎസിന്റെ പ്രചാരണം നയിച്ചത് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവായിരുന്നു. ബിജെപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചാരണം നയിച്ചു. ഇത്തവണ കൂടുതൽ സീറ്റുകളാണു ബിജെപിയുടെ ലക്ഷ്യം.