ദേശീയ മെഡിക്കൽ കമ്മീഷന് രാജ്യാന്തര അക്രഡിറ്റേഷൻ
Friday, September 22, 2023 4:22 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ മെഡിക്കൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇനിമുതൽ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യാം. ദേശീയ മെഡിക്കൽ കമ്മീഷന് (എൻഎംസി) വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എഡ്യുക്കേഷൻ (ഡബ്യുഎഫ്എംഇ) അംഗീകാരം ലഭിച്ചതോടെയാണിത്.
പത്തു വർഷത്തേക്കാണ് ഈ സമുന്നത അംഗീകാരം എൻഎംസിക്കു ലഭിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു നിലവിലുള്ള 706 മെഡിക്കൽ കോളജുകൾക്ക് ഡബ്ല്യുഎഫ്എംഇയുടെ അക്രഡിറ്റേഷൻ ലഭിച്ചിരിക്കുകയാണ്. അടുത്ത പത്തു വർഷത്തിനിടെ പുതുതായി സ്ഥാപിക്കുന്ന മെഡിക്കൽ കോളജുകൾക്കും ഈ രാജ്യാന്തര അക്രഡിറ്റേഷൻ സ്വമേധയാ ലഭിക്കും.
മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ലോകത്തിലെ മുൻനിരക്കാരായ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും ഡബ്യുഎഫ്എംഇയുടെ അക്രഡിറ്റേഷൻ അനിവാര്യമാണ്.
ദേശീയ മെഡിക്കൽ കമ്മീഷന് ആഗോള അക്രഡിറ്റേഷൻ ലഭിച്ചതോടെ ഇവിടുത്തെ മെഡിക്കൽ കോളജുകളിൽ പഠിക്കാൻ വിദേശങ്ങളിൽനിന്ന് വിദ്യാർഥികളുടെ ഒഴുക്കുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. വിവിധ ലോകോത്തര മെഡിക്കൽ കോളജുകളുമായി കൈ കോർക്കാനും അതുവഴി ഇന്ത്യയിലെ മെഡിക്കൽ കോളജുകളിലെ നിലവാരമുയർത്താനും പുതിയ അക്രഡിറ്റേഷൻ വഴി സാധിക്കും.
ഇന്ത്യൻ മെഡിക്കൽ കോളജുകൾക്കും മെഡിക്കൽ പ്രഫഷണലുകൾക്കുമുള്ള ആഗോള അംഗീകാരമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
ഈ ആഗോള അക്രഡിറ്റേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന് രാജ്യത്തെ ഓരോ മെഡിക്കൽ കോളജും 49,85,142 രൂപ(60,000 ഡോളർ) ചെലവഴിക്കേണ്ടതുണ്ട്. ഈ അക്രഡിറ്റേഷൻ നേടിയെടുക്കുന്നതിനായി രാജ്യത്തെ 706 മെഡിക്കൽ കോളജുകളും ചേർന്ന് 351.9 കോടി രൂപ ചെലവഴിക്കേണ്ടതായി വരുമെന്നാണ് ഏകദേശ കണക്ക്.