ദേശീയ ശാസ്ത്ര കാർഷിക സമ്മേളനം കൊച്ചിയിൽ
Wednesday, September 20, 2023 12:58 AM IST
ന്യൂഡൽഹി: ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ദേശീയ കാർഷിക ശാസ്ത്ര അക്കാദമിയുടെ ദേശീയ സമ്മേളനം ഒക്ടോബർ 10 മുതൽ 13വരെ കൊച്ചിയിൽ നടത്താൻ തീരുമാനിച്ചതായി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് അറിയിച്ചു. ഇതു സംബന്ധിച്ച് ഐസിഎആർ ഡയറക്ടർ ജനറൽ ഡോ. ഹിമാൻഷു പഥക്കുമായി കെ.വി. തോമസ് കൂടിക്കാഴ്ച നടത്തി.
രണ്ടു വർഷം കൂടുന്പോൾ നടത്തുന്ന, ഇന്ത്യയിലെ കാർഷിക രംഗത്തു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, കർഷകർ, വിദ്യാർഥികൾ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർ അടങ്ങുന്ന ഒരു പ്രധാന സമ്മേളനമാണിത്. കൂടിക്കാഴ്ചയിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും കെ.വി. തോമസ് പഥക്കിനെ അറിയിച്ചിട്ടുണ്ട്.
കാർഷിക മേഖലയിൽ വിദ്യാർഥികൾക്ക് താത്പര്യം വർധിപ്പിക്കുന്നതിന് പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പാക്കുന്ന കാർഷിക മിത്രം പദ്ധതിയും ഒക്ടോബർ 11ന് ഡോ. പഥക്ക് ഉദ്ഘാടനം ചെയ്യും.
കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ സഹായത്തോടെ വിദ്യാർഥികൾക്ക് കാർഷിക മേഖല പരിചയപ്പെടുത്തുന്നതാണ് പദ്ധതി. എറണാകുളത്തെ 10 സ്കൂളുകളിലെ 5000 വിദ്യാർഥികളാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക.