ഒഡീഷ ട്രെയിൻ ദുരന്തം: പ്രധാനമന്ത്രിക്കു കത്തയച്ച് മല്ലികാർജുൻ ഖാർഗെ
Tuesday, June 6, 2023 12:39 AM IST
ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഒഡീഷയിലെ മഹാദുരന്തത്തിലേക്കു നയിച്ച വീഴ്ചകൾ അക്കമിട്ടു നിരത്തിയായിരുന്നു ഖാർഗെയുടെ വിമർശനം.
റെയിൽവേയിൽ ഏതാണ്ട് മൂന്നു ലക്ഷത്തോളം ഒഴിവുകളുണ്ട്. ഈ ഒഴിവുകളിൽ നിയമനം നടക്കാത്തതിനാൽ ലോക്കോ പൈലറ്റുമാർ അധികസമയം ജോലിയെടുക്കേണ്ടിവരുന്നുവെന്നും ഇതാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. സിഗ്നലിംഗ് സംവിധാനത്തിന്റെ തകരാറുകൾ ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
എന്നാൽ ആ കത്ത് പരിഗണിച്ചില്ല. റെയിൽസുരക്ഷയെക്കുറിച്ചുള്ള പാർലമെന്ററി സമിതിയുടെ റിപ്പോർട്ടും അവഗണിച്ചു. പാളംതെറ്റലും സുരക്ഷയും സംബന്ധിച്ച സിഐജിയുടെ റിപ്പോർട്ടും പരിഗണിച്ചില്ല. റെയിൽവേയ്ക്കായി നീക്കിവയ്ക്കുന്ന പണത്തിന്റെ അളവ് ഓരോ വർഷവും കുറഞ്ഞുവരികയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
കവച് പദ്ധതി എന്തുകൊണ്ട് രാജ്യത്ത് നാലു ശതമാനം ഭാഗത്തു മാത്രം നടപ്പിലാക്കി. ബാക്കി 96 ശതമാനം സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കാതിരുന്നത് എന്തുകൊണ്ടാണ്. റെയിൽ ബജറ്റും കേന്ദ്രബജറ്റും ഒന്നിച്ചാക്കാനുള്ള തീരുമാനം എന്തടിസ്ഥാനത്തിലാണ് കൈക്കൊണ്ടത്. റെയിൽവേയ്ക്കു ലഭിക്കുന്ന പ്രത്യേക പരിഗണന ആ തീരുമാനം കാരണം ഇല്ലാതായി.
പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഇളവുകൾ എന്തിനാണ് റെയിൽവേ എടുത്തുമാറ്റിയത്. അപകടകാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി പറയുന്നു. അതേ മന്ത്രിതന്നെ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതെങ്ങനെ നീതികരിക്കാനാകും. 2016ൽ കാണ്പുരിൽ അപകടമുണ്ടായി 150 പേർ മരിച്ചു.
ആ ദുരന്തത്തിനു പിന്നാലെ അപകടത്തിൽ ഗൂഢാലോചനയുണ്ടെന്ന് പ്രധാനമന്ത്രി ഒരു പൊതുവേദിയിൽ പറഞ്ഞു. കേസന്വേഷണം എൻഐഎയെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ എൻഐഎ 2018ൽ ഒരു കുറ്റപത്രം പോലും ഫയൽ ചെയ്യാതെ കേസ് അവസാനിപ്പിച്ചു.
ആ സംഭവത്തിന്റെ ഉത്തരവാദി ആരാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഖാർഗെ ചോദിച്ചു.