മെയ്തെയ്, കുക്കി ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ച് അമിത് ഷാ
Thursday, June 1, 2023 1:48 AM IST
ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിരയായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന മെയ്തെയ്, കുക്കി വിഭാഗക്കാരെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇവരെ സുരക്ഷിതമായി സ്വന്തം വീടുകളിലെത്തിക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു.
ഇന്നലെ മ്യാൻമർ അതിർത്തിയിലുള്ള മോറെ പട്ടണത്തിലെത്തി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. കുക്കി സമുദായ പ്രതിനിധികളുമായും മറ്റു സമുദായങ്ങളെ പ്രതിനിധീകരിച്ചെത്തിയ സംഘവുമായും അമിത് ഷാ ചർച്ച നടത്തി.
കാംഗ്പോക്പി ജില്ലയിലെ ദുരിതാശ്വാസ ക്യാന്പിലാണു കുക്കി വിഭാഗക്കാരെ അമിത് ഷാ കണ്ടത്. പിന്നീട് ഇംഫാലിലെ ദുരിതാശ്വാസ ക്യാന്പിൽ മെയ്തെയ് വിഭാഗക്കാരെ അമിത് ഷാ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന നിരവധി മെയ്തേയ്, കുക്കി വിഭാഗക്കാർ വീടുകളിലേക്കു തിരികെപ്പോകാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
മണിപ്പുരിന്റെ സമാധാനത്തിനും അഭിവൃദ്ധിക്കുമാണു സർക്കാർ മുൻഗണന നല്കുന്നതെന്നു ഇന്നലെ മണിപ്പുർ പോലീസ് കേന്ദ്ര സേന, കരസേന എന്നീ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിൽ അമിത് ഷാ പറഞ്ഞു.
സുരക്ഷാസൈനികരുടെ പക്കൽനിന്നു മോഷ്ടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ജനങ്ങളോട് അഭ്യർഥിച്ചു. അനധികൃതമായിആയുധങ്ങൾ കൈവശം വയ്ക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.
മണിപ്പുരിൽ മെയ്തേയ്കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ എൺപതിലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. നൂറിലേറെ പേർ കൊല്ലപ്പെട്ടുവെന്നു കുക്കി വിഭാഗം പറയുന്നു. മേയ് മൂന്നിനാണു സംഘർഷം ആരംഭിച്ചത്. സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിന് പതിനായിരത്തിലേറെ സുരക്ഷാസൈനികരെ വിന്യസിച്ചിട്ടുണ്ട്.