ജ്ഞാൻവാപി മോസ്ക്: ഹർജി തള്ളി
Thursday, June 1, 2023 1:48 AM IST
ന്യൂഡൽഹി: വാരാണസിയിലെ ജ്ഞാൻവാപി മോസ്കിൽ പ്രാർത്ഥന നടത്താൻ അനുമതി തേടി ഹൈന്ദവ വനിതകൾ പ്രാദേശിക കോടതിയിൽ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനെതിരേ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി.
വനിതകൾ നൽകിയ ഹർജിയിൽ വാരാണസി ജില്ലാ കോടതിയിൽ വാദം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലക്ഷ്മീദേവി, രേഖ പഥക്, സീതാ സാഹു, മഞ്ജു വ്യാസ് എന്നിവരാണു മസ്ജിദിൽ തങ്ങളുടെ ദേവതകളെ ആരാധിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഹർജിയുടെ സാധുത വാരാണസി ജില്ലാ ജഡ്ജി ശരിവച്ചിരുന്നു. എന്നാൽ, അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയും യുപി സുന്നി വഖഫ് ബോർഡും ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.