സത്യേന്ദർ ജെയ്ൻ ശുചിമുറിയിൽ കുഴഞ്ഞുവീണു
Friday, May 26, 2023 12:59 AM IST
ന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു.
അദ്ദേഹം ആശുപത്രിയിൽ കഴിയുന്നത് ഓക്സിജന്റെ സഹായത്താലാണെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. തിഹാർ ജയിൽ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണു ജെയ്നിനെ അറസ്റ്റ് ചെയ്തത്. ഒരു വർഷംകൊണ്ട് ശരീരഭാരം 35 കിലോ കുറഞ്ഞതായി എഎപി നേതാക്കൾ ആരോപിച്ചിരുന്നു. നട്ടെല്ല് വേദനയും ശരീരത്തിന് ബലക്കുറവും അടക്കമുള്ള പ്രശ്നങ്ങൾ ജെയിനിനെ അലട്ടിയിരുന്നതായി ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.