സർക്കാരിന്റെ ഭാവി ലോക്സഭാ ഫലത്തെ ആശ്രയിച്ച്: കുമാരസ്വാമി
Friday, May 26, 2023 12:58 AM IST
ബംഗളുരു: കർണാടത്തിലെ സിദ്ധരാമയ്യ സർക്കാരിന്റെ ഭാവി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കുമെന്നു ജനതാദൾ (എസ്) നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി.
രാഷ്ട്രീയസാഹചര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യക്തിപരമായ അഭിപ്രായമാണെന്നും ആരെങ്കിലും ഏതെങ്കിലും പാർട്ടിയിലേക്കു കാലുമാറുമെന്ന് അർഥമാക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ചുവർഷത്തിനുശേഷമേ ഉണ്ടാകു എന്നതിൽ ഒരു വ്യക്തതയുമില്ല. നിലവിലുള്ള സ്ഥിതിഗതികൾ പരിഗണിച്ചാൽ കോൺഗ്രസ് സർക്കാരിന് എന്തും സംഭവിക്കാമെന്നും ജനതാദൾ സംഘടിപ്പിച്ച പൊതുയോഗത്തിൽ കുമാരസ്വാമി അഭിപ്രായപ്പെട്ടു.
നിയമസഭാതെരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോടെ നേരിട്ട ജനതാദളിന് ഇത്തവണ 19 സീറ്റുകളിൽമാത്രമാണ് വിജയിക്കാനായത്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രവർത്തകരോടു കുമാരസ്വാമി ആവശ്യപ്പെടുകയും ചെയ്തു.