പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്; 250 പേർ കസ്റ്റഡിയിൽ
Wednesday, September 28, 2022 1:48 AM IST
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ വീണ്ടും രാജ്യവ്യാപക റെയ്ഡ്. ഓപ്പറേഷൻ ഒക്ടോപസിന്റെ ഭാഗമായി എട്ടു സംസ്ഥാനങ്ങളിൽ ഇന്നലെ അർധരാത്രി മുതൽ നടത്തിയ റെയ്ഡിൽ 250ലേറെ പിഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും പലരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഡൽഹി, ആസാം, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തിയത്. എൻഐഎ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭീകരവിരുദ്ധ സ്ക്വാഡും പോലീസും ചേർന്നാണു റെയ്ഡുകൾ നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച 15 സംസ്ഥാനങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിൽ കേരളത്തിൽനിന്നുള്ള 22 പേർ ഉൾപ്പെടെ 106 പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പിഎഫ്ഐ ഉൾപ്പെട്ട 19 കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്.
ഡൽഹിയിൽ പൗരത്വനിയമവിരുദ്ധ സമരത്തിന്റെ കേന്ദ്രമായിരുന്ന ഷഹീൻബാഗ്, നിസാമുദീൻ, ജാമിയ നഗർ എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ മുപ്പതിലേറെ പേരെ കസ്റ്റഡിയിലെടുത്തു. എൻഐഎ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് സ്പെഷൽ സെല്ലും ലോക്കൽ പോലീസും റെയ്ഡിൽ പങ്കെടുത്തു.
ഡൽഹി ജാമിയ നഗറിൽ നവംബർ 17 വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, സെപ്റ്റംബർ 19 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ പോപ്പുലർ ഫ്രണ്ട് റെയ്ഡുമായി ബന്ധപ്പെട്ടതല്ലെന്നാണ് പോലീസിന്റെ വിശദീകരണം. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളും അധ്യാപകരും കൂട്ടംചേരുന്നതും നിരോധിച്ചിട്ടുണ്ട്. ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ ഉന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു.
ഗുജറാത്തിൽ നടത്തിയ റെയ്ഡിൽ നവ്സാരിയിൽനിന്ന് പിടിയിലായ അബ്ദുൾ ക്വാദിർ സെയ്ദ്, കേരളത്തിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ വിവാദ പോപ്പുലർ ഫ്രണ്ട് റാലിയിൽ പങ്കെടുത്തയാളാണ്. സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യംചെയ്തുവരികയാണെന്നു പോലീസ് വ്യക്തമാക്കി. ഏതാനും മാസം മുന്പാണ് എസ്ഡിപിഐ അഹമ്മദാബാദിൽ ഓഫീസ് തുറന്നത്.
കർണാടകയിൽ നടന്ന റെയ്ഡിൽ 75ലേറെ പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. ബിദാർ, മംഗളൂരു, കോലാർ, വിജയ്പുര, ബാഗൽകോട്ട്, ചിത്രദുർഗ, ബെല്ലാരി, ചാമരാജ്നഗർ എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്. ഇവിടെ പിടിയിലായവരിൽ പിഎഫ്ഐ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം, എസ്ഡിപിഐ സെക്രട്ടറി ഷെയ്ക്ക് മസ്ക്സൂദ് എന്നിവരും ഉൾപ്പെടുന്നു.
ആസാമിലെ എട്ടു ജില്ലകളിൽനിന്നായി 25ലേറെ പേർ പിടിയിലായി. ഗോൾപാറ, കാംരൂപ്, ബാർപേട്ട, ധുബ്രി, ബാഗ്സ, ദരാംഗ്, ഉദൽഗുരി, കരിംഗഞ്ച് എന്നിവിടങ്ങളിലാണു റെയ്ഡ് നടത്തിയത്. ഗുജറാത്തിൽ എൻഐഎയും ഭീകരവിരുദ്ധ സ്ക്വാഡും നടത്തിയ റെയ്ഡിൽ പത്തിലധികം പേർ പിടിയിലായി.
മധ്യപ്രദേശിൽ എട്ടു ജില്ലകളിൽ സംസ്ഥാന പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 21 പിഎഫ്ഐ പ്രവർത്തകർ പിടിയിലായി. ഉത്തർപ്രദേശിലെ 26 ജില്ലകളിലായിരുന്നു റെയ്ഡ്. 57 പിഎഫ്ഐ പ്രവർത്തകരാണു പിടിയിലായത്. ഭീകരവിരുദ്ധ സ്ക്വാഡും സ്പെഷൽ ടാസ്ക് ഫോഴ്സും ലോക്കൽ പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.
നിരവധി തെളിവുകളും രേഖകളും പിടിച്ചെടുക്കാനായെന്ന് എഡിജിപി പ്രശാന്ത്കുമാർ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനപടികളിലേക്കു നീങ്ങുമെന്നും വ്യക്തമാക്കി. ഡൽഹിയോടു ചേർന്ന, യുപിയിലെ ഗാസിയാബാദിൽ നടത്തിയ റെയ്ഡിൽ 11 പേരാണു പിടിയിലായത്.
മഹാരാഷ്ട്രയിൽ നടത്തിയ റെയ്ഡിൽ 40 പേരാണു പിടിയിലായത്. ഔറംഗാബാദ്, സോലാപുർ, അമരാവതി, പൂന, താനെ, മുംബൈ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. കേന്ദ്ര ഏജൻസികളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസാണു റെയ്ഡ് നടത്തിയത്.