അവശ്യ പ്രതിരോധ സർവീസ് ബിൽ ലോക്സഭയിൽ
Friday, July 23, 2021 12:40 AM IST
ന്യൂഡൽഹി: പ്രതിരോധ വകുപ്പിലെ സിവിൽ ജീവനക്കാരുടെ സമരം ചെയ്യാനുള്ള നിയമാനുസൃത അവകാശം ഉന്മൂലനം ചെയ്യുന്നതാണ് എസൻഷൽ ഡിഫൻസ് സർവീസ് ബില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. ഭരണഘടനയുടെ 19-ാം അനുഛേദത്തിന്റെ ലംഘനമാണ് നിയമനിർമാണമെന്നു ബില്ലിന്റെ അവതരണാനുമതിക്ക് ആക്ഷേപം ഉന്നയിച്ചു പ്രസംഗിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രേമചന്ദ്രന്റെ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞു കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ബിൽ അവതരിപ്പിച്ചു. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണു നിയമമെന്നും അദ്ദേഹം അവകാശപ്പെട്ടു. ശശി തരൂർ, അധീർ രഞ്ജൻ, മനീഷ് തിവാരി, സൗഗത റോയി, ഗൗരവ് ഗൊഗോയി എന്നിവരും ബില്ലിനെ എതിർത്തു നോട്ടീസ് നൽകിയിരുന്നു.