കോവിഡ് പ്രതിരോധം; സഹായമായി ഡിആർഡിഒയുടെ കണ്ടുപിടിത്തം
Tuesday, April 20, 2021 12:02 AM IST
ഹൈദരാബാദ്: അതിർത്തിയിലെ ഉയർന്ന പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്കുവേണ്ടി പ്രതിരോധ ഗവേഷണ സംവിധാനമായ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ചെടുത്ത സംവിധാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നിർണായകമാകുന്നു.
ഡിആർഡിഒയുടെ കീഴിലുള്ള ബംഗളൂരുവിലെ ഡിഫൻസ് ബയോ എൻജിനിയറിംഗ് ആൻഡ് ഇലക്ട്രോ മെഡിക്കൽ ലബോറട്ടറി, രക്തത്തിൽ ഓക്സിജൻ വ്യാപിപ്പിക്കുന്നതിനായി കണ്ടെത്തിയ സമാന്തര ഓക്സിജൻ വിതരണ സംവിധാനം രാജ്യത്തെ കോവിഡ് പ്രതിരോധത്തിലും നിർണായകമാവുകയാണ്.
കോശങ്ങളിലേക്ക് ഓക്സിജൻ എത്തുന്നതിന്റെ കുറവ് പരിഹരിക്കുന്നതിനുള്ള സമാന്തര സംവിധാനം കോവിഡ് ചികിത്സയിൽ പരമപ്രധാനമാണെന്ന് ഡിആർഡിഒ പത്രക്കുറിപ്പിൽ പറയുന്നു. ശരീരത്തിനു മതിയായ അളവിൽ ഓക്സിജൻ ലഭിക്കാതിരിക്കുക രോഗികളെ സംബന്ധിച്ച് ദുഷ്കരമാണ്. ഇതു പരിഹരിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനമാണ് ഡിആർഡിഒ വികസിപ്പിച്ചിരുന്നത്.