അയോധ്യയിലെ മോസ്ക് ക അബ മാതൃകയിൽ: ഐഐസിഎഫ്
Monday, September 21, 2020 12:22 AM IST
ലക്നോ: അയോധ്യയിലെ ദന്നിപുരിൽ യുപി സർക്കാർ അനുവദിച്ച സ്ഥലത്ത് നിർമിക്കുന്ന പുതിയ മോസ്ക് മക്കയിലെ കഅബ ഷരീഫിന്റെ മാതൃകയിലായിരിക്കുമെന്ന് ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. 15,000 ചതുരശ്ര അടി സ്ഥലത്ത് ബാബ്റി മസ്ജിദിന്റെ അതേ വലുപ്പത്തിൽ ചതുരാകൃതിയിലാകും നിർമിക്കുക.
പുതിയ മോസ്കിനു മിനാരങ്ങളുണ്ടാവില്ല. ഏതെങ്കിലും ചക്രവർത്തിയുടെയോ രാജാവിന്റെയോ പേരിലാകില്ല മോസ്ക് അറിയപ്പെടുകയെന്നും ഐഐസിഎഫ് വക്താവ് അതാർ ഹുസൈൻ പറഞ്ഞു. മ്യൂസിയം, റിസർച്ച് സെന്റർ, ആശുപത്രി എന്നിവയും പദ്ധതി പ്രദേശത്തു നിർമിക്കും. മോസ്ക് നിർമാണത്തിനായി പണം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഇന്റർനെറ്റ് പോർട്ടൽ ഉടൻ ആരംഭിക്കും.
ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡാണ് മോസ്ക് നിർമാണത്തിന്റെ മേൽനോട്ടത്തിനായി ഐഐസിഎഫിനു രൂപം നല്കിയത്. 2019 നവംബർ ഒന്പതിലെ സുപ്രീംകോടതി വിധിയെത്തുടർന്നാണ് അയോധ്യയിൽ അഞ്ചേക്കർ സ്ഥലം വഖഫ് ബോർഡിന് സർക്കാർ അനുവദിച്ചത്.