നിർഭയ: പ്രതി മുകേഷ് സിംഗിന്റെ ഹർജിയിൽ ഇന്നു വിധി
Wednesday, January 29, 2020 12:18 AM IST
ന്യൂഡൽഹി: ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തു നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്നു വിധി പറയും. കേസിൽ വാദം കേട്ട ജസ്റ്റീസ് ആർ. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഇന്നലെ വിധി പറയാൻ മാറ്റിയിരുന്നു. ദയാഹർജിക്കൊപ്പം നൽകിയ മുഴുവൻ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്നും രാഷ്ട്രപതി ഏകപക്ഷീയമായ നടപടിയാണെടുത്തതെന്നുമായിരുന്നു മുകേഷ് സിംഗിന്റെ ആരോപണം.
അതിക്രൂരമായ പീഡനമാണ് മുകേഷ് സിംഗ് തിഹാർ ജയിലിൽ നേരിടേണ്ടി വന്നതെന്ന് മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശ് കോടതിയിൽ വാദിച്ചു. പ്രതിയായ അക്ഷയ് സിംഗുമായി ലൈംഗികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു. പ്രതി രാംസിംഗിനെ ജയിലിൽ കൊലപ്പെടുത്തിയതാണ്. അത് ആത്മഹത്യയാക്കി മാറ്റി. മുകേഷ് സിംഗിനെ ഏകാന്ത തടവിലേക്കു മാറ്റിയതിൽ നടപടി ക്രമങ്ങളിൽ പാളിച്ചയുണ്ടായി. വധശിക്ഷയ്ക്കു വിധിച്ചയാളിനെ ദയാഹർജി തള്ളിയതിനുശേഷമേ ഏകാന്ത തടവിലേക്കു മാറ്റാവൂയെന്നാണ് ചട്ടം. അതു ലംഘിക്കപ്പെട്ടെന്നും അഭിഭാഷക വാദിച്ചു.
എന്നാൽ, പ്രതി ഉന്നയിച്ച വാദങ്ങൾ ദയാഹർജി അംഗീകരിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ദയാഹർജിയിലുള്ള രാഷ്ട്രപതിയുടെ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. പ്രതി നൽകിയതായുള്ള എല്ലാ രേഖകളും ദയാഹർജിയിൽ രാഷ്ട്രപതിക്കു മുന്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രപതിയുടെ തീരുമാനം പരിശോധിക്കാൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്ന് ജസ്റ്റീസ് ഭാനുമതിയും വാക്കാൽ നിരീക്ഷിച്ചു. തുടർന്നു വാദം പൂർത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റുകയായിരുന്നു.