മുസ്ലിം അധ്യാപകനെ ഇരുകൈയുംനീട്ടി സ്വാഗതം ചെയ്ത് കോൽക്കത്ത
Friday, November 22, 2019 11:39 PM IST
കോൽക്കത്ത: ബനാറസ് സർവകലാശാലയിൽ സംസ്കൃതം പഠിപ്പിക്കാനെത്തിയ മുസ്ലിമിനെ തടയുകയായിരുന്നുവെങ്കിൽ കോൽക്കത്തയിൽ സ്ഥിതിഗതികൾ തീർത്തും വിഭിന്നം. കോൽക്കത്ത നഗരപ്രാന്തത്തിലുള്ള ബേലൂർ രാമകൃഷ്ണ മിഷൻ വിദ്യാമന്ദിരത്തിൽ സംസ്കൃതം അധ്യാപകനായി എത്തിയ റംസാൻ അലിക്കു അധ്യാപകരും വിദ്യാർഥികളും ഒരുക്കിയതു ഊഷ്മളസ്വീകരണം.
ഒന്പതുവർഷമായി നോർത്ത് ബംഗാളിലെ ഒരു കോളജിൽ അധ്യാപകനായിരുന്ന റംസാൻ അലി ചൊവ്വാഴ്ചയാണ് ബേലൂരിൽ ചുമതലയേറ്റത്.
കോളജ് പ്രിൻസിപ്പൽ സ്വാമി ശാസ്ത്രജ്ഞാനാനന്ദ്ജി മഹാരാജ് ഉൾപ്പെടെ എല്ലാവരും ചേർന്നാണു തന്നെ സ്വീകരിച്ചതെന്നു റംസാൻ അലി പറഞ്ഞു. മറ്റു കോളജുകളിലെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ റംസാൻ അലി, ഭാഷയിലുള്ള ജ്ഞാനവും അത് കുട്ടികൾക്ക് എങ്ങനെ പകർന്നുനൽകും എന്നതും മാത്രമാണ് കോളജിൽ പരിഗണിക്കുക എന്നു പ്രിൻസിപ്പൽ പറഞ്ഞതായും കൂട്ടിച്ചേർത്തു. കൽക്കട്ട സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ബേലൂരിലെ കോളജ് 1941 ൽ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചതാണ്.