മരട് കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും
Monday, September 23, 2019 12:56 AM IST
ന്യൂഡൽഹി: മരട് ഫ്ളാറ്റ് കേസിൽ ഇന്നു സുപ്രീംകോടതിയിൽ നിർണായക ദിനം. ഫ്ളാറ്റുകൾ പൊളിച്ച് അതിന്റെ റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതിനു ശേഷം ഇന്നാണു കേസ് പരിഗണിക്കുന്നത്. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് 17-ാമത്തെ കേസായാണ് ഇതു പരിഗണിക്കുക.
തീരദേശപരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയ മരടിലെ ഫ്ളാറ്റുകൾ 20നു മുന്‍പ് പൊളിച്ച് 23നു റിപ്പോർട്ട് നൽകാനാണ് നേരത്തേ കേസ് പരിഗണിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നത്. കോടതി ഉത്തരവ് നടപ്പാക്കാനായിട്ടില്ല. പകരം ഫ്ളാറ്റ് പൊളിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കി സംസ്ഥാന ചീഫ് സെക്രട്ടറി ആറു പേജുള്ള സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.
വിധി നടപ്പാക്കുമെന്നും സ്വീകരിച്ച നടപടികളിൽ വീഴ്ചയുണ്ടെ ങ്കിൽ മാപ്പ് അപേക്ഷിക്കുന്നതായും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ സുപ്രീം കോടതിയിലെ ഇന്നത്തെ നടപടികൾ നിർണായകമാകുക. കോടതിയുടെ ഉത്തരവുകൾ തുടർച്ചയായി ലംഘിക്കുകയാണെന്നു നേരത്തേതന്നെ ഈ ബെഞ്ച് കടുത്ത വിമർശനം ഉന്നയിച്ചിട്ടുള്ളതിനാൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും മാപ്പപേക്ഷയും കോടതി അംഗീകരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 23നു കേസ് പരിഗണിക്കുന്പോൾ ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ടു ഹാജരാകണമെന്നും നിർദേശിച്ചിരുന്നു. നേരിട്ടു ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നു ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ ഇതു സംബന്ധിച്ച കോടതിയുടെ പ്രതികരണവും നിർണായകമാണ്.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് നൽകിയതെന്നുള്ള ഫ്ളാറ്റുടമകളുടെ ഹർജിയും ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്‍പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന സമീപവാസിയുടെ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ, കോടതി അനുവദിച്ചാൽ മലിനീകരണം കുറച്ച് ഫ്ളാറ്റുകൾ പൊളിക്കാമെന്നു ചൂണ്ടിക്കാട്ടി ബംഗളൂരു ആസ്ഥാനമായുള്ള കന്പനിയും കോടതിയെ സമീപിച്ചിട്ടുണ്ട്.