പ്രത്യേക പദവി റദ്ദാക്കിയതിനെ കാഷ്മീരിലെ നാലിൽ മൂന്ന് ജനങ്ങളും പിന്തുണയ്ക്കുന്നു: രാജ്നാഥ് സിംഗ്
Monday, September 23, 2019 12:56 AM IST
പാറ്റ്ന: കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ സംസ്ഥാനത്തെ നാലിൽ മൂന്ന് ജനങ്ങളും പിന്തുണയ്ക്കുന്നുവെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബിജെപി സംഘടിപ്പിച്ച ജൻ ജാഗ്രൺ സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ദേശീയപാർട്ടിയെന്ന നിലയിൽ ബിജെപി ഒരിക്കലും കാഷ്മീരിന്റെ കാര്യത്തിൽ മൃദു സമീപനം പുലർത്തിയിരുന്നില്ല. ആർട്ടിക്കിൾ 370 കാഷ്മീരിന്റെ രക്തമൊഴുക്കിയ പുഴുക്കുത്താണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി അവസാനിപ്പിച്ചാൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ച നടത്തുകയുള്ളൂ. ജമ്മു കാഷ്മീർ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണ്. പാക് അധീന കാഷ്മീരിനെക്കുറിച്ചു മാത്രമാണ് ഇനി ചർച്ച-രാജ്നാഥ് സിംഗ് പറഞ്ഞു. കേന്ദ്രമന്ത്രിമാരായ രവി ശങ്കർ പ്രസാദ്, നിത്യാനന്ദ് റായി, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.