യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ വി. മുരളീധരൻ ഇന്ന് അമേരിക്കയിൽ
Sunday, September 22, 2019 12:56 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഐക്യരാഷ്ട്ര സഭയുടെ 74-ാം പൊതുസഭയിൽ പങ്കെടുക്കാൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് അമേരിക്കയിലെത്തും. ഹൂസ്റ്റണിൽ ഇന്നു നടക്കുന്ന ഹൗഡി മോദി പരിപാടിയും ഐക്യരാഷ്ട്ര സഭാപൊതുസഭയിലും അടക്കം പങ്കെടുക്കാനായി ഒരാഴ്ച നീളുന്ന അമേരിക്കൻ പര്യടനത്തിനായി മോദി ഇന്നലെ അമേരിക്കയിലെത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിയോടൊപ്പം ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിന്റെ ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ചടങ്ങിന്റെ ഭാഗമായി ഇന്നു നടത്തുന്ന ഉച്ച വിരുന്നിലും മോദി പങ്കെടുക്കും. പ്രസിഡന്റ് ട്രംപുമായുള്ള ഒൗദ്യോഗിക കൂടിക്കാഴ്ച ചൊവ്വാഴ്ചയാണ്.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് സംഘടിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയാണ് പ്രധാനമന്ത്രിയുടെ നാളത്തെ പ്രധാന പരിപാടി. ഇതിനുശേഷം ആഗോള ആരോഗ്യ കവറേജിനെക്കുറിച്ചുള്ള ഉന്നതതല യോഗത്തിൽ മോദി പ്രസംഗിക്കും.വെള്ളിയാഴ്ച ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ പ്രധാനമന്ത്രി പ്രസംഗിക്കും. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷിക പരിപാടിയിലും പ്രധാനമന്ത്രിയും മുരളീധരനും പങ്കെടുക്കും.