ഖാർഗെ നേരത്തെതന്നെ മുഖ്യമന്ത്രിയാകേണ്ടിയിരുന്നുവെന്ന് കുമാരസ്വാമി
Wednesday, May 15, 2019 11:44 PM IST
കലാബുർഗി: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ നേരത്തെതന്നെ മുഖ്യമന്ത്രിയാകേണ്ടിയിരുവെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മുതിർന്ന നേതാവായ ഖാർഗേയ്ക്ക് നേരത്തെതന്നെ മുഖ്യമന്ത്രിപദം നൽകാത്തത് അദ്ദേഹത്തോടുള്ള അനാദരവാണെന്നു വരെ കുമാരസ്വാമി പറഞ്ഞു.
ഖാർഗെയുടെ സേവനങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം കോൺഗ്രസ് നൽകിയിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രിപദം സിദ്ധരാമയ്ക്കു നൽകണമെന്ന് ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാർ ആവശ്യപ്പെടുന്നതിനിടെയാണിത്. സഖ്യസർക്കാരിനു നേതൃത്വം നൽകുന്ന കോൺഗ്രസും ജനതാദളും തമ്മിലുള്ള ഭിന്നത ശക്തമാവുകയാണെന്ന പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം. മുതിർന്ന കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും മല്ലികാർജ്ജുന ഖാർഗെയും സർക്കാരിനെ ഒരു പോലെ സംരക്ഷിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
വീണ്ടും മുഖ്യമന്ത്രിയാകണമെന്നു പ്രവർത്തകർ ആവശ്യപ്പെടുന്നത് അവരുടെ സ്നേഹവായ്പ് മാത്രമായി കണ്ടാൽ മതിയെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹംപറഞ്ഞു.