കോൺഗ്രസിനെതിരേ പ്രിയങ്ക ചതുർവേദി
Thursday, April 18, 2019 11:13 PM IST
ന്യൂഡൽഹി: തന്നോട് അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി. ട്വിറ്ററിലാണ് പ്രിയങ്ക തന്റെ അതൃപ്തി അറിയിച്ചത്. കോണ്‍ഗ്രസിനുള്ളിൽ ഗുണ്ടകൾക്കാണോ പ്രാധാന്യമെന്നായിരുന്നു പാർട്ടിയോടു പ്രിയങ്കയുടെ ചോദ്യം.
പാർട്ടിയിൽ അവർ നൽകിയ വിയർപ്പിന്റെയും രക്തത്തിന്റെയും പേരിൽ മാത്രം അവരെ തിരിച്ചെടുത്തതിൽ കടുത്ത ദുഃഖമുണ്ട്. പാർട്ടിക്കുവേണ്ടി താൻ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരേ അശ്ലീല പരാമർശം നടത്തിയവരെ മാറ്റി നിർത്താൻ പോലും തയാറാകാത്തത് അങ്ങേയറ്റം സങ്കടകരമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ദിവസങ്ങൾക്ക് മുൻപ് ഉത്തർപ്രദേശിലെ മഥുരയിൽ വാർത്താ സമ്മേളനത്തിനിടെയാണ് പ്രാദേശിക നേതാക്കൾ കോണ്‍ഗ്രസ് വക്താവായ പ്രിയങ്കയോട് അപമര്യാദയോടെ പെരുമാറിയത്. അവർക്കെതിരേ അശ്ലീല പരാമർശം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പ്രിയങ്കയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായവരെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇവരെ പാർട്ടിയിൽ തിരിച്ചെടുത്തു. ഇതിനെ വിമർശിച്ചാണ് പ്രിയങ്ക ചതുർവേദി ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചത്.