മാർ ഈവാനിയോസ് ഐക്യത്തിന്റെ പ്രവാചകൻ: ആർച്ച്ബിഷപ് പോൾ ഗല്ലഗർ
Wednesday, July 16, 2025 1:32 AM IST
തിരുവനന്തപുരം: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഐക്യത്തിന്റെ പ്രവാചകനും അതിനുള്ള ത്യാഗം ഏറ്റെടുത്ത ജാഗരൂകനായ അജപാലകനുമായിരുന്നെന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ നയതന്ത്ര സെക്രട്ടറി ആർച്ച്ബിഷപ് പോൾ ഗല്ലഗർ.
ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ നടന്ന സമൂഹബലി മധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മലങ്കര പുനരൈക്യ പ്രസ്ഥാനം ചരിത്രപരമായ സംഭവം എന്നതിനേക്കാൾ ഈ കാലഘട്ടത്തിൽ സജീവമായ ഒരടയാളവും സുവിശേഷ സാക്ഷ്യവുമാണ്. ദൈവസ്നേഹത്തിലധിഷ്ഠിതമായ സഭൈക്യത്തിനാണ് മാർ ഈവാനിയോസ് പ്രാധാന്യം നൽകിയത്. അവിഭക്തമായ മലങ്കര സഭയായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്. സുവിശേഷത്തോട് അദ്ദേഹം പുലർത്തിയ അചഞ്ചലമായ സമർപ്പണമാണ് സാർവത്രിക സഭാ ബന്ധത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും ആർച്ച്ബിഷപ് ഗല്ലഗർ പറഞ്ഞു.
ഇന്നലെ രാവിലെ നടന്ന സമൂഹബലിയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരുന്നു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ സാമുവൽ മാർ ഐറേനിയോസ്, വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, ഗീവർഗീസ് മാർ മക്കാറിയോസ്, മാത്യൂസ് മാർ പക്കോമിയോസ്, ആന്റണി മാർ സിൽവാനോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ സഹകാർമികരായിരുന്നു.വൈദികരും സമൂഹബലിയിൽ പങ്കുചേർന്നു.
രാവിലെ സെന്റ് മേരീസ് കത്തീഡ്രൽ ഗേറ്റിൽ ആർച്ച്ബിഷപ് പോൾ ഗല്ലഗറിന് മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം നൽകി. കബറിടത്തിൽ അനുസ്മരണ പ്രാർഥന നടന്നു.
ധന്യൻ മാർ ഈവാനിയോസ് ഉപയോഗിച്ചിരുന്ന അംശവടിയും സ്ലീബായുമാണ് കാതോലിക്കാ ബാവ ഉപയോഗിച്ചത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നും വിശ്വാസികളുടെ വലിയ പങ്കാളിത്തം അനുസ്മരണ ശുശ്രൂഷകളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ 15 ദിവസമായി നടന്നുവന്ന ഓർമപ്പെരുന്നാൾ സമാപിച്ചു.